'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല...'; പരിഭവം പറഞ്ഞ യു.കെ.ജിക്കാരിയെ വിഡിയോ കാൾ ചെയ്ത് വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: വീടിന്‍റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിലെ യു.കെ.ജി വിദ്യാർഥി കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഡിയോ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാവയെ കണ്ടെത്തി വിഡിയോ കാൾ ചെയ്ത് ആവശ്യങ്ങൾ കേട്ടിരിക്കുകയാണ് മന്ത്രി.
സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം മന്ത്രി കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാനാകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ മന്ത്രിയോട് പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു.
എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് മന്ത്രി കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.
കുട്ടികളുടെ സഹജമായ ശീലമായ കളിചിരിക്കും കൂട്ടുചേരലിനും കോവിഡ് പശ്ചാത്തലത്തിൽ സാധ്യത പരിമിതപ്പെട്ടതായി മന്ത്രി പിന്നീട് പറഞ്ഞു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസിക ഉല്ലാസത്തോടെ പഠനപാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.