സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കും -മന്ത്രി
text_fieldsബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയശേഷം സാമ്പത്തിക തകർച്ച നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. രണ്ടാഴ്ചക്കുള്ളിൽ പത്മകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ബസ് വ്യവസായം നിലനിർത്താനാവശ്യമായ നടപടി സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവും.
ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി കെ.എസ്.ആർ.ടി.സിയിലേതുപോലെ സ്വകാര്യബസുകൾക്കും സീറോ ടിക്കറ്റ് നിരക്കിന് തുല്യമായ തുക സർക്കാർ നൽകുകയോ സ്വകാര്യ ബസുകൾ വാടകക്ക് സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണമെന്ന് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇത് രണ്ടും നടപ്പാക്കാൻ തയാറായില്ലെങ്കിൽ ബസുകൾക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകിയും റോഡ് ടാക്സ് പൂർണമായി ഒഴിവാക്കിയും വ്യവസായത്തെ സംരക്ഷിക്കണം. സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സ്വകാര്യ ബസുകൾ നിരത്തൊഴിയാൻ നിർബന്ധിതമാകുമെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.
ജില്ല പ്രസിഡന്റ് മുഹമ്മദലി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ശരണ്യ മനോജ്, എം.എസ്. പ്രേംകുമാർ, പാലമുറ്റത്ത് വിജയ് കുമാർ, കെ. സത്യൻ, ജില്ല സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, ജില്ല ഭാരവാഹികളായ കിസാൻ മാനു, പാസ് മാനു, ബ്രെറ്റ് നാണി ഹാജി, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.ടി. വാസുദേവൻ, തൃശൂർ ജില്ല സെക്രട്ടറി സേതുരാമൻ, വിവിധ താലൂക്ക് ഭാരവാഹികളായ യു.കെ.ബി. സച്ചിദാനന്ദൻ, മൈ ബ്രദർ മജീദ്, കുഞ്ഞീൻ, സുബ്രഹ്മണ്യൻ കുമ്മാളിൽ, റസാഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

