അധ്യാപകർക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകും -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: അധ്യാപകർക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി ഫയൽ ചെയ്യുന്നതുൾപ്പെടെ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് നിയമസഭാംഗം എം. വിജിൻ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിശ്ചയിക്കപ്പെട്ട യോഗ്യത മാനദണ്ഡമാക്കി നിയമിക്കപ്പെട്ട അധ്യാപകർ പിന്നീട് വരുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറത്താക്കപ്പെടുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജീവിക്കാനുള്ള അവകാശവും, സ്വാഭാവിക നീതിയുമായും ചേർന്നു പോകുന്നതാണോ എന്ന കാര്യവും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
2010 ആഗസ്റ്റ് 23 ന് എൻ.സി.ടി.ഇ നോട്ടിഫിക്കേഷനിലൂടെ നിശ്ചയിച്ച യോഗ്യത മാനദണ്ഡം ആർ.ടി.ഇ. ആക്ടിന് മുമ്പ് നിയമനം ലഭിച്ച അധ്യാപർക്കാണെങ്കിൽ പോലും ബാധകമാക്കുകയാണ് ഈ വിധിന്യായത്തിലൂടെ കോടതി ചെയ്തത്. സര്‍വിസ് അവസാനിക്കാന്‍ 5 വര്‍ഷം ബാക്കിയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ യോഗ്യതയില്ലാത്തവര്‍ക്ക് യാതൊരുവിധ സ്ഥാനക്കയറ്റവും നല്‍കേണ്ടതില്ല എന്നും വിധിന്യായത്തിലുണ്ട്. യോഗ്യത നേടുന്നതിന് രണ്ട് വര്‍ഷത്തെ കാലപരിധിയും വിധിന്യായത്തില്‍ നിജപ്പെടുത്തിയിട്ടുണ്ട്.
അധ്യാപക സമൂഹം നാളിതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറിയേക്കാം. ഇതൊക്കെ പരിഗണിച്ച് കേരള സർക്കാർ 2019- 2020 അദ്ധ്യയന വർഷം വരെ സർവിസിൽ പ്രവേശിച്ച, കെ-ടെറ്റ് നേടാത്ത അധ്യാപകർക്ക് ഈ യോഗ്യത നേടുന്നതിന്സ മയം ദീർഘിപ്പിച്ച് നൽകുകയും, സർവിസിലുള്ളവർക്കായി കെ-ടെറ്റ് പരീക്ഷ ഒരിക്കൽ കൂടി ഈ മാസംനടത്തുകയും ചെയ്തതെന്നും മന്ത്രി പറഞ്ഞു.
എൻ.ടി.ടി.ഇ നിശ്ചയിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്കെ -ടെറ്റ് നിബന്ധമാക്കിയ 2012 -13 വർഷം മുതൽ കെ- ടെറ്റ് ഇല്ലാതെ സർവിസിൽ തുടരുന്ന 1734 അധ്യാപകർ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിനു മുമ്പുള്ള കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്.
അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് സെപ്തംബർ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ഈ മേഖലയില്‍ തൊഴിൽ ചെയ്യുന്നവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
2010 ഏപ്രിൽ ഒന്നു മുതലാണ് വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്. ഇതു പ്രകാരം കേന്ദ്രസര്‍ക്കാർ ചുമതലപ്പെടുത്തുന്ന അക്കാദമിക അതോറിറ്റിയാകും അധ്യാപകരുടെ യോഗ്യത നിജപ്പെടുത്തുക. അക്കാദമിക അതോറിറ്റിയായി കേന്ദ്രസര്‍ക്കാർ നിയോഗിച്ച നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എന്‍.സി.ടി.ഇ) ഒന്നു മുതല്‍ എട്ടുവരെ ക്ലാസ്സുകളിലേക്കുള്ള അധ്യാപകരുടെ യോഗ്യത 2010 ആഗസ്റ്റ് 23ന് ഒരു നോട്ടിഫിക്കേഷനിലൂടെ നിജപ്പെടുത്തി. അതുപ്രകാരം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ അധ്യാപകരുടെ യോഗ്യത പന്ത്രണ്ടാം ക്ലാസും ഡി.എൽ.എഡ് അഥവാ സമാനമായ പ്രൊഫഷണല്‍ യോഗ്യതയും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റും (ടെറ്റ്) ആണ്.
ആറ് മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് ബിരുദവും രണ്ടു വര്‍ഷത്തെ ഡി.എൽ.എഡ് അഥവാ ബിഎഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റും ആണ് യോഗ്യതയായി നിജപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വിധിന്യായം ഉണ്ടായതെണന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

