സ്‌കൂളുകളിൽ മതപ്രാർഥന ഒഴിവാക്കുമെന്ന് മന്ത്രി ശിവൻകുട്ടി; 'ഒരു മതത്തിന്റെ പ്രാർഥന മറ്റു മതത്തിൽപെട്ട കുട്ടികളെ കൊണ്ട് ചൊല്ലിക്കുന്നത് ശരിയല്ല'
text_fieldsതിരുവനന്തപുരം: സ്‌കൂളുകളിൽ മതപ്രാർഥന ഒഴിവാക്കാൻ ആലോചിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വകുപ്പിൽ ഇതുസംബന്‌ധിച്ച് ആലോചന തുടങ്ങിയതായി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സർവമത പ്രാർഥനകളാണ് സ്‌കൂളുകളിൽ വേണ്ടതെന്നും ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദേശംവെക്കാൻ ഒരുങ്ങുകയാണെന്നും കേരളം ഈ വിഷയം ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പല സ്കൂളുകളിലും പ്രത്യേക മതവിഭാഗങ്ങളുടെ പ്രാർഥനകൾ നടത്തുന്നുണ്ട്. ഒരു മതത്തിന്റെ പ്രാർഥനകൾ മറ്റ് മതത്തിൽപെട്ട കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചൊല്ലിക്കുന്നത് ശരിയല്ല. ഇത് പരിശോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുട്ടികൾ പല മതത്തിൽ പെട്ടവരാണ്.
സ്കൂളുകളിലെ പ്രാർഥനകൾ എല്ലാവർക്കും അംഗീകരിക്കാനാവുന്ന തരത്തിലുള്ളതാവണം. എന്നാൽ പല സ്കൂളുകളിലും സ്വന്തം മതവിഭാഗത്തിന്റെ പ്രാർഥന ഗീതങ്ങളാണ് ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത്. ഇത് നല്ല രീതിയല്ല. മതേതരത്വം വളർത്താൻ ഇത് തടസ്സമാണ്. ചെറുപ്പത്തിൽതന്നെ കുട്ടികളിൽ സ്വതന്ത്രമായ ചിന്തക്ക് മുൻതൂക്കം നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

