‘പാദപൂജ’ വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുമെന്ന് മന്ത്രി ശിവൻകുട്ടി; വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്‍റെ ചില സ്കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച സംഭവം അപലപനീയമാണെന്നും വിശദീകരണം തേടുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
സംഭവം നടന്ന സ്കൂളുകളിൽ നിന്ന് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസിലുള്ള സ്കൂളുകൾ ആണെങ്കിലും കർശനനടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കാസർകോട്ടും മാവേലിക്കരയിലും വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും പൊലീസിനോടും വിശദീകരണം തേടിയ കമീഷൻ, വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
കാസർകോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും തൃക്കരിപ്പൂർ ശ്രീ ചക്രപാണി വിദ്യാമന്ദിരത്തിലുമാണ് വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ചത്. സമാന ‘ആചാരം’ കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

