മുഖ്യമന്ത്രിക്കുനേരെ കൊലവിളി; സംസ്കാരമുള്ള സമൂഹത്തിന് അപമാനമാണെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsകോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ കന്യാസ്ത്രീ ആഹ്വാനം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന ഭരണത്തലവനെതിരെ കൊലവിളി നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്‍റ് ഞെട്ടലോടെയാണ് കാണുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ, പൗരന്‍റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്‍റെ ഭരണത്തലവനെതിരെ നടത്തുന്ന പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.
പരാമർശങ്ങൾ ഏതൊരു സംസ്കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്. അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ യുവതലമുറക്ക് നൽകുന്ന സന്ദേശം എന്താണ്? ഇത്തരക്കാർക്ക് നമ്മുടെ പൊതുസമൂഹത്തിൽ ഒരു സ്ഥാനവുമില്ല.
അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഈ വ്യക്തി ട്വന്‍റി 20യുടെ കടുത്ത പ്രചാരകയാണെന്നും മറ്റ് ജില്ലകളിൽ പോലും അവർക്കുവേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. ട്വന്‍റി 20 ഈ വിഷയത്തിൽ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു സംഘടനയുടെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നുവെന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത്.
ഇതിന് പിന്നാലെ കന്യാസ്ത്രീക്കെതിരെ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ഡി.ജി.പിക്ക് പരാതി നൽകി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നതു സംബന്ധിച്ചുള്ള ഫേസ്ബുക് പോസ്റ്റിലാണ് ടീന ജോസ് കൊലവിളി ആഹ്വാനവുമായി കമൻറിട്ടത്. സെൽട്ടൺ എൽ. ഡിസൂസ എന്ന വ്യക്തിയുടെ പോസ്റ്റിനു കീഴെയായിരുന്നു ഇത്. കമൻറിട്ടതിനു പിന്നാലെ നിരവധി പേർ ഇവർക്കെതിരെ രംഗത്തെത്തി.
ഇതിനിടെ ടീന ജോസിനെ തള്ളിപ്പറഞ്ഞ് സി.എം.സി. സന്യാസിനി സമൂഹവും രംഗത്തെത്തി. ടീനയുടെ അംഗത്വം 2009ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും അന്നുമുതൽ സന്യാസ വസ്ത്രം ധരിക്കാൻ നിയമപരമായി അവർക്ക് അനുവാദമോ അവകാശമോ ഇല്ലെന്നും സി.എം.സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും സി.എം.സി സമൂഹത്തിന് പങ്കില്ലെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
Pinarayi Vijayan, Teena Jose, Facebook comment, kerala, Crime news, local body election, Kerala police, പിണറായി വിജയൻ, കൊലവിളി,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

