വീണ്ടും ഭാരതാംബ ചിത്ര വിവാദം; രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി ശിവൻകുട്ടി, രാജ്ഭവനെ രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രി
text_fieldsതിരുവനന്തപുരം: രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ വീണ്ടും ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഇടംപിടിച്ചു. തുടർന്ന്, ശക്തമായ പ്രതിഷേധമറിയിച്ച് നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി.
വ്യാഴാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് പ്രതിഷേധമുണ്ടായത്. പരിപാടിക്കെത്തിയ കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാൻ ശ്രമിച്ചെന്നും രാജ്ഭവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി ഗവർണർക്കെതിരെ മാധ്യമങ്ങൾക്കുമുന്നിൽ കടുത്ത വിമർശനവും നടത്തി.
പിന്നാലെ, മന്ത്രി പ്രോട്ടോകോൾ ലംഘിച്ചെന്നും ഗവർണറെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാജ്ഭവൻ വാർത്തക്കുറിപ്പുമിറക്കി. എന്നാൽ, ഗവർണർ ഭരണഘടന ലംഘിച്ചെന്നും അധികാരം മറന്ന് പ്രവർത്തിച്ചെന്നും മന്ത്രി തിരിച്ചടിച്ചു. ഭാരതാംബയെ മാറ്റിനിർത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് പ്രസംഗത്തിൽ ഗവർണറും വ്യക്തമാക്കി.
ചടങ്ങിന് മന്ത്രി വൈകിയെത്തിയപ്പോൾ വിളക്കുതെളിച്ച് ഭാരതാംബ ചിത്രം പ്രദർശിപ്പിച്ച നിലയിലായിരുന്നു. തുടർന്നാണ് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി, ഭാരതാംബ ചിത്രം വെച്ചതിനെ പരസ്യമായി വിമർശിച്ചത്. മഹാത്മാഗാന്ധിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രം വെച്ചാൽപോലും അതിൽ അന്തസ്സുണ്ട്. ഇത് രാജ്ഭവനെ തനി രാഷ്ട്രീയകേന്ദ്രമാക്കി മാറ്റുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
രാജ്ഭവനെ ആർ.എസ്.എസ് കേന്ദ്രമാക്കുന്ന നിലപാട് ഒരിക്കലും അനുവദിക്കാനാകില്ലെന്നും ഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രമുണ്ടാകുമെന്ന് അറിയിച്ചില്ലെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മുൻ ഗവർണറെക്കാൾ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത് ധിക്കാരത്തോടെയാണ് പുതിയ ഗവർണർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പദവിയിൽ തുടരാൻ അർഹനല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചത് വിവാദമായതോടെ, ഔദ്യോഗിക പരിപാടികളിൽ ചിത്രമുണ്ടാകില്ലെന്ന രീതിയിൽ രാജ്ഭവനിൽ നിന്ന് പ്രതികരണമുണ്ടായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

