വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ
text_fieldsകൽപറ്റ: സ്കൂളുകളിൽ വേനലവധിക്കാലത്ത് സ്പെഷൽ ക്ലാസുകൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഉത്തരവിന് വിരുദ്ധമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ്. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിലുള്ള പഠനത്തിൽ പിന്നാക്കമുള്ള കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ വേനലവധിക്കാലത്തുതന്നെ നടത്തണമെന്നാണ് ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിനം മുതൽ മേയ് 31വരെ വേനലവധി അനുവദിച്ചതാണെന്നും കടുത്ത വേനൽചൂട് ആയതിനാൽ സ്വകാര്യ വിദ്യാലയങ്ങളിലടക്കം ഒരുവിധ ക്ലാസുകൾ നടത്തരുതെന്നും കഴിഞ്ഞ ദിവസവും മന്ത്രി അറിയിച്ചിരുന്നു. ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറയുമ്പോൾ തന്നെയാണ് ഏപ്രിൽ 14ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിപരീതമായ ഉത്തരവിറക്കിയത്. അഞ്ച് മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷികപരീക്ഷകളിൽ മതിയായ ഗ്രേഡിങ് കിട്ടാത്ത സ്ഥാനക്കയറ്റത്തിന് അർഹമല്ലാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഒരുക്കണമെന്നാണ് ഉത്തരവിലുള്ളത്. എട്ടുവരെയുള്ള ക്ലാസുകളിൽ ഇ ഗ്രേഡും ഒമ്പതാം ക്ലാസിൽ ഡി, ഇ ഗ്രേഡും മാത്രം നേടിയ കുട്ടികൾക്കായാണിത്.
പഠനപിന്തുണ ആവശ്യമായ വിഷയങ്ങളിൽ മാത്രം രാവിലെ 9.30 മുതൽ 12.30 വരെ പ്രത്യേക ക്ലാസുകൾ നൽകുകയാണ് വേണ്ടത്. ഇവയുടെ പ്രവർത്തനങ്ങൾ ഏപ്രിൽ 17 മുതൽ 30 വരെയാണ് നടത്തേണ്ടത്. ഈ കുട്ടികളുടെ പട്ടിക തയാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 18ന് വിദ്യാലയ തല ആസൂത്രണം നടത്തി രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം. ഏപ്രിൽ 20 മുതൽ 27 വരെയാണ് ക്ലാസുകൾ നടത്തേണ്ടത്. 28 മുതൽ 30 വരെ ഈ കുട്ടികളുടെ പഠനപുനർവിലയിരുത്തൽ നടത്തി മേയ് രണ്ടിന് ഫലപ്രഖ്യാപനവും നടത്തണം. പ്രധാനാധ്യാപകർക്കും അധ്യാപകർക്കുമാണ് ഇതിന്റെ ചുമതലയുള്ളത്. പുനർവിലയിരുത്തലിന് ശേഷവും മിനിമം ഗ്രേഡ് നേടാത്ത എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിച്ച് തുടർ ക്ലാസ് നൽകി നിശ്ചിത പഠനലക്ഷ്യത്തിലേക്ക് എത്തിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ വിരുദ്ധമായ ഉത്തരവ് ഇറക്കിയത് പ്രധാനാധ്യാപകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മിക്ക അധ്യാപകരും നിലവിൽ പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകളിലാണുള്ളത്. അതിനാൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

