വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്‍റെ ഗൺമാന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ ഗൺമാന് സസ്പെൻഷൻ. ഗൺമാൻ അനീഷ് മോനെയാണ് സസ്പെൻഡ് ചെയ്തത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
ഡിസംബർ 11-ാം തീയതി രാത്രി 11.30നാണ് ഹൗസ് സർജൻസി ചെയ്യുന്ന വനിത ഡോക്ടർ ജൂമീന ഗഫൂർ അക്രമിക്കപ്പെടുന്നത്. അനീഷ് മോന്‍റെ പിതാവ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇദ്ദേഹത്തെ വാര്‍ഡില്‍ നിന്ന് മാറ്റുന്നതിനിടെ അനീഷ് എത്തി. ശനിയാഴ്ച രാത്രിയോടെ അനീഷിന്‍റെ പിതാവ് മരിച്ചു. ഇതിന് പിന്നാലെയാണ് വനിത ഡോക്ടറെ അനീഷ് കൈയ്യേറ്റം ചെയ്തതെന്നാണ് പരാതി.
മന്ത്രി സജി ചെറിയാന്‍റെ സുരക്ഷാ ജീവനക്കാരനായ അനീഷ് എന്ന ആളാണ് ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി വനിത ഡോക്ടർ പരാതിപ്പെട്ടിരുന്നു. രണ്ടു തവണ തള്ളിയിടുകയും കെട്ടാലറക്കുന്ന തെറിയഭിഷേകം നടത്തുകയും ചെയ്ത ശേഷം ഡോക്ടറെ തടഞ്ഞു വെക്കുകയും ഭീഷണിപെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. ആക്രമണം നടന്ന ദിവസം തന്നെ ഡോക്ടർ പരാതി നൽകുകയും 12-ാം തീയതി എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അനീഷിനെതിരേ അമ്പലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തുവന്നിരുന്നു.