Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടനക്കെതിരെ വിവാദ...

ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ: 'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടന; മതേതരത്വം ജനാധിപത്യം കുന്തം കുടചക്രം എന്നൊക്കെ എഴുതി വച്ചിരിക്കുന്നു'

text_fields
bookmark_border
Saji Cherian
cancel
Listen to this Article

തിരുവനന്തപുരം: ഭരണഘടനയെ ആക്ഷേപിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിവാദങ്ങൾ തുടർക്കഥയാകുന്ന സർക്കാറിന് മുന്നിൽ പുതിയ പ്രതിസന്ധിയായി. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം രംഗത്തു വന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകൾ സമര രംഗത്തിറങ്ങി.

മന്ത്രിയുടെ നടപടിയിൽ റിട്ട ജസ്റ്റിസ് കെമാൽ പാഷ അടക്കം നിയമവിദഗ്ധർ കടുത്തവിമർശനം തൊടുത്തു. പ്രസംഗത്തിൽ ഉറച്ചുനിന്ന മന്ത്രി സജി ചെറിയാൻ രാജി ആവശ്യം നിയമസഭയിലും പുറത്തും തള്ളി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ തേടിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാനോട് വിശദീകരണം ആവശ്യപ്പെട്ടു. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയും നയങ്ങളെയുമാണ് വിമർശിച്ചതെന്നുമാണ് മന്ത്രി വിശദീകരിച്ചത്. നിയമസഭയിൽ മന്ത്രിയുടെ മറുപടി ബഹിഷ്കരിച്ചു പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉചിത തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഇപ്പോൾ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും ആരും ഉത്തരവാദിത്തം മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രസംഗം പുറത്തു വന്നതിനു പിന്നാലെ ഗവർണർ വിശദാംശം തേടിയിരുന്നു. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും പൊലീസിനും പരാതിപ്രവാഹമാണ്. കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധം പറഞ്ഞിട്ടില്ലെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചു. രാജി വേണ്ടെന്ന നിലപാടിലേക്ക് സർക്കാറും സി.പി.എമ്മും പോകുന്നെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

നാവ് പിഴയാകുമെന്ന അഭിപ്രായമാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രകടിപ്പിച്ചത്. രാജിയില്ലെങ്കിൽ മുഖ്യമന്ത്രി മന്ത്രിയെ പുറത്താക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നോക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

ബി.ജെ.പിയും സമാന ആവശ്യവുമായി രംഗത്തുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യുവമോർച്ചയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മന്ത്രിയുടെ മണ്ഡലമായ ചെങ്ങന്നൂരും സമരപരമ്പരയുണ്ടായി. മന്ത്രിയുടെ വാക്കുകളിലെ നിയമപരമായ വിഷയങ്ങൾ സർക്കാറും സി.പി.എമ്മും പരിശോധിച്ചു വരുകയാണ്.

ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും അവഹേളിച്ചാൽ കുറ്റകൃത്യമായി കണക്കാക്കി ശിക്ഷിക്കാൻ നിയമമുണ്ട്. ആർ. ബാലകൃഷ്ണപിള്ളയുടെ രാജി അടക്കം മുന്നിലുണ്ട്.

'ജനത്തെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടന'

പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പ്രതിവാര രാഷ്ടീയ വിദ്യാഭ്യാസപരിപാടി 100 വാരം പൂർത്തിയാക്കിയതിന്‍റെ ഭാഗമായ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത്. ഞായറാഴ്ച വൈകീട്ട് മല്ലപ്പള്ളി വട്ടശ്ശേരി പ്ലാസയിലായിരുന്നു പരിപാടി. ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ചുവടെ:

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാൻ പറയുന്നത് ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻപറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. അതിന് കുറച്ച് പ്രമോദ് നാരായണന്‍റെ (വേദിയിലുണ്ടായിരുന്ന എം.എൽ.എ) ഭാഷയിൽ പറഞ്ഞാൽ ഇച്ചിരി മുക്കും മൂലയും അരിച്ചുപെറിച്ച് ഗുണങ്ങൾ ഇട്ടിട്ടുണ്ട്. എന്നുവെച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്‍റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ചൂഷണം. ഞാൻ ചോദിക്കട്ടെ, തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ.

1957ൽ ഇവിടെ ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ ആദ്യത്തെ ഗവൺമെൻറ് തീരുമാനിച്ചു തൊഴിൽനിയമങ്ങൾ സംരക്ഷിക്കണമെന്ന്. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടി ഒടിക്കുമായിരുന്നു. അപ്പോൾ എക്സ്പ്ലോയിറ്റേഷനെ, ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളർന്നുവരുന്നത്. ഈ പണമെല്ലാം എവിടെനിന്നാണ്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, പാവങ്ങളെ ചൂഷണംചെയ്ത്, അവന് ശമ്പളം കൊടുക്കാതെ.

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന് പറഞ്ഞ് സമരം ചെയ്തിട്ട് ഇന്ന് നമ്മുടെ നാട്ടിൽ 12ഉം 16ഉം 20ഉം മണിക്കൂർ ജോലി ചെയ്യുമ്പോൾ ഈ രാജ്യത്തിന്റെ ഭരണഘടന അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നുണ്ടോ?''.

Show Full Article
TAGS:Saji Cheriyan indian constitution 
News Summary - Minister Saji Cherian with a controversial remark against the constitution
Next Story