'ഡെങ്കിപ്പനി വന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സിച്ചപ്പോൾ മരിക്കാറായി, 14 ദിവസം ബോധമില്ലാതെ കിടന്ന തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി'
text_fieldsതിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, ആരോഗ്യ വകുപ്പിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ലെന്നും സർക്കാർ ആശുപത്രിയിലെ ചികിത്സ മൂലം മരിക്കാറായ അവസ്ഥയായപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് എന്നുമായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ ചികിത്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാരും സാധാരണക്കാരും ചികിത്സക്ക് പോകും. ഏത് ആശുപത്രിയിലാണോ നല്ല ചികിത്സ കിട്ടുന്നത് അങ്ങോട്ടുപോകും. മെഡിക്കൽ കോളജിൽ പോകുന്ന എത്ര മന്ത്രിമാരുണ്ട്? ഞാനും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.-മന്ത്രി പറഞ്ഞു. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ട വിഷയമല്ലെന്നും ആരോഗ്യമേഖലയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന് വീണ ജോർജിനെ ബലിയാടാക്കുകയാണെന്നും മന്ത്രി വിമർശിക്കുകയും ചെയ്തു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
2019ൽ ഡെങ്കി ബാധിച്ചപ്പോൾ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗവ. ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യതയുണ്ട് എന്ന സ്ഥിതി വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. 14 ദിവസം ബോധമില്ലാതെ കിടന്ന ഞാൻ അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ജീവൻ രക്ഷിച്ചത്. സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജിയുണ്ട്. അത്രയും സർക്കാർ ആശുപത്രിയിൽ ഉണ്ടാകണമെന്നില്ല. കൂടുതൽ ആളുകൾ ചികിത്സ തേടുന്നതിനാൽ അത്രയും മികച്ച ടെക്നോളജികൾ ഉണ്ടായിരിക്കണമെന്നില്ല. അതൊക്കെയാണോ ഇവിടുത്തെ പ്രശ്നം? സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ആ ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്തു ചെയ്തു. അതൊന്നുംഞങ്ങൾ അംഗീകരിച്ചുകൊടുക്കില്ല. വീണജോർജിനെയും സർക്കാർ സംവിധാനങ്ങളെയും ഞങ്ങൾ സംരക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

