കാസ പ്രചരിപ്പിക്കുന്നത് തനി മുസ്‌ലിം വിരുദ്ധതയെന്ന് സജി ചെറിയാൻ; 'അടുത്തിടെ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ഫോൺ കാണാനിടവന്നു, അതിൽ വന്നുകൊണ്ടിരുന്നത്..'
text_fieldsആലപ്പുഴ: ആർ.എസ്.എസിന്റെ പിൻബലത്തോടെ ക്രൈസ്തവ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കാസ തനി മുസ്‍ലിം വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും കൊടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുന്നപ്ര-വയലാൽ സമരഭൂമിയിൽ പി.കെ ചന്ദ്രാനന്ദൻ 11ാം ചരമ വാർഷിക ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'അടുത്തിടെ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ഫോൺ കാണാനിടവുന്നു. അദ്ദേഹത്തിന്റെ ഫോണിൽ വന്ന കാസയുടെ വാക്കുകൾ തനി മുസ്ലിം വിരുദ്ധമായിരുന്നു. ആർ.എസ്.എസിന്റെ സഹായത്തോടെ ക്രിസ്ത്യൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കാസ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരെല്ലാവരും കൂടി കേരളത്തെ വിഴുങ്ങും. ഇതിനുള്ള എല്ലാ പിന്തുണയും സതീശനും പാർട്ടിയും കൊടുത്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് എങ്ങനെയെങ്കിലും അധികാരത്തിൽ വരണം.
പത്ത് വർഷം കഴിഞ്ഞ് അവർ അധികാരത്തിൽ വന്നില്ലേൽ അതോടുകൂടി തീർന്നു കോൺഗ്രസ്. ലീഗെല്ലാം കടലിൽ പോയി ചാടും. ബി.ജെ.പി പിരിച്ചുവിടും. അപ്പോ എങ്ങനെയെങ്കിലും കയറണം. എല്ലാരും കൂടി ചേർന്നിരിക്കുകയാണ്. നമ്മള്‍ ആർ.എസ്.എസുമായി ചേര്‍ന്നിരിക്കുകയാണെന്നായിരുന്നു പ്രചാരണം. നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എന്തായി? ഇടതുപക്ഷ സ്ഥാനാർഥിക്ക് ഏതെങ്കിലും തരത്തിൽ വോട്ടുപോകാതിരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സ്ഥാനാർഥി നിര്‍ണയത്തിലൂടെ തെളിയിച്ചത്' -സജി ചെറിയാൻ പറഞ്ഞു.
ഡോക്ടർ ഹാരിസിനെതിരെയും സജി ചെറിയാൻ പ്രതികരിച്ചു. ഹാരിസ് ചെയ്തത് ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച പ്രവർത്തിയല്ല. തിരുത്തിയത് നല്ല ഇടപെടൽ. ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണ ജോർജിന്റെത് മികച്ച പ്രവർത്തനമാണെന്നും സർക്കാർ ആശുപത്രികളേക്കാൾ മോശം രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്തുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

