അടൂരിന്റേയും ശങ്കർ മോഹനന്റെയും രാജി: ചലച്ചിത്രമേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയും നാട്ടിലുണ്ട് -മന്ത്രി ബിന്ദു
text_fieldsമന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയും നാട്ടിലുണ്ടെന്നും അടൂർ ഗോപാലകൃഷ്ണനും ശങ്കർ മോഹനും രാജിവെച്ചതുകൊണ്ട് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. ശങ്കർ മോഹനും താനും സ്ഥാപനത്തിൽ നിന്നിറങ്ങുന്നതോടെ വിദ്യാർഥികളുടെ ഭാവി ആശങ്കയിലാകുമെന്ന് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടൂരിന്‍റേത് സർക്കാറിനോടുള്ള പ്രതിഷേധ രാജിയാണെങ്കിൽ അതിന് കാരണം കാണുന്നില്ല. അടൂരിന്‍റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമീഷനെ വെച്ചത്. വിദ്യാർഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ ഡയറക്ടർക്ക് വീഴ്ചയുണ്ടായിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ സർക്കാർ ആദ്യം നിയോഗിച്ച സമിതിയുമായി ഡയറക്ടർ സഹകരിച്ചില്ല. കമീഷൻ അവരുടെ ഉത്തരവാദിത്തമാണ് നിർവഹിച്ചത്. വിദ്യാർഥികളുടെ ആത്മവിശ്വാസം ഉലച്ചുകളയുന്ന രീതിയിലുള്ള അനുഭവങ്ങൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഉണ്ടായിക്കൂടാ എന്ന ശരിയായ നിലപാടായിരുന്നു കമീഷന്. കമീഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കും മുമ്പ് തന്നെ ഡയറക്ടർ രാജിവെക്കുകയായിരുന്നു.
വിദ്യാർഥികൾ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്നാണ് അന്വേഷണ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്. സമരം നടക്കുന്ന സന്ദർഭത്തിൽ പെൺകുട്ടികൾക്കടക്കം താമസ സൗകര്യമുൾപ്പെടെ നിഷേധിച്ചത് ശരിയായില്ല. രാജി സ്വീകരിച്ച് അനന്തര നടപടി സ്വീകരിക്കാനുള്ള നിർദേശത്തോടെയാണ് രാജിക്കത്ത് മുഖ്യമന്ത്രി തനിക്ക് കൈമാറിയത്.
ഡയറക്ടർ രാജിവെച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ട് അരാജകത്വത്തിലേക്ക് പോകുമെന്ന അടൂരിന്‍റെ വാദവും മന്ത്രി തള്ളി. മത്സരപ്പരീക്ഷയിലൂടെ കടന്നുവന്ന മിടുക്കരായ, സിനിമയോട് അഭിനിവേശവുള്ള വിദ്യാർഥികളാണ് ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്. അവരുടെ സർഗാത്മകത സ്വച്ഛന്ദമായി വികസിക്കാനുള്ള സാഹചര്യമാണ് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

