നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നെറ്റ്വർക് രൂപവത്കരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷ് രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയ, അന്തർദേശീയ നിലയിൽ സെന്റർ ഓഫ് എക്സലൻസായി വളരാൻ നിഷിന്റെ ശേഷിയെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാരോടുള്ള സമീപന രീതിയിൽ അവബോധാത്മകമായ മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിപാദിക്കുന്ന സ്മരണികയും വിവിധ വിഷയങ്ങളിൽ നിഷ് തയാറാക്കിയ പുസ്തകങ്ങളും പ്രകാശനം ചെയ്തു.
മുൻകാല ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ആദരിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബി. നാജ, വികലാംഗക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ ജയ ഡാളി, നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. അഞ്ജന, നിഷിന്റെ ആദ്യ ഓണററി ഡയറക്ടർ ജി. വിജയരാഘവൻ, മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

