സർവകലാശാലകളിലെ അന്തരീക്ഷം ഗവർണർ കലുഷിതമാക്കി -മന്ത്രി ബിന്ദു
text_fieldsമന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: കാലാനുസൃത പരിഷ്കാരങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതില്ലെന്ന നിലപാടാണ് ചാൻസലറായ ഗവർണർ സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ ഇടപെടൽ സർവകലാശാലകളിൽ കലുഷിത അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഗവർണറുടെ ഈ നിലപാടിന്റെ ഭാഗമായാണ് നിയമസഭ പാസാക്കിയ സർവകലാശാല ബില്ലുകൾ നിഷ്കരുണം രാഷ്ട്രപതിക്ക് അയച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം ബോധപൂർവം തടയാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ബില്ലും ഒരുപക്ഷെ ഒപ്പിട്ടേക്കില്ല. പക്ഷെ സർക്കാറിന് കടമ നിർവഹിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ബില്ലുകൾ പാസാക്കി ഗവർണർക്ക് അയക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഉൾപ്പെടെ നടത്തുന്ന മുന്നേറ്റങ്ങൾ തടയാനുള്ള ആസൂത്രിത പ്രവർത്തനങ്ങൾ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.
‘കേരള’ വി.സിയുടേത് ഏകാധിപത്യ പ്രവണത -മന്ത്രി
തിരുവനന്തപുരം: മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഏഴ് ദിവസത്തിനകവും അല്ലാത്ത സാഹചര്യത്തിൽ രണ്ട് മാസത്തിനകവും വൈസ് ചാൻസലർമാർ സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർവകലാശാല ഉൾപ്പെടെയുള്ളവയിൽ വൈസ് ചാൻസലർമാർ അമിതാധികാര, ഏകാധിപത്യ പ്രവണതകളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ ബില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഹൈകോടതി വിധി പോലും അവഗണിച്ചാണ് കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ചർച്ച ചെയ്യാൻ വി.സി സിൻഡിക്കേറ്റ് യോഗം വിളിക്കാതിരിക്കുന്നത്. സർവകലാശാലകളിൽ സിൻഡിക്കേറ്റിനല്ല, വൈസ് ചാൻസലർക്കാണ് അധികാരം എന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ അഭിപ്രായം പഴയ അനുഭവങ്ങളുടെ ഹാങ്ഓവറിൽ ആയിരിക്കാമെന്ന് ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. അദ്ദേഹവും സർവകലാശാലകളിലെ അധികാര ശ്രേണിയുടെ ഭാഗമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

