ഡോ. റെനി സെബാസ്റ്റ്യന്റെ നിയമനം; പരാതി പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: ഡോ. റെനി സെബാസ്റ്റ്യനെ ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ സിൻഡിക്കറ്റ് അംഗമായി നിയമിച്ചതിലെ പരാതി പരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു. മുഖ്യമന്ത്രിയുടെ മകൾ വീണക്ക് മാസപ്പടി നൽകിയതായി ആരോപിക്കപ്പെടുന്ന സ്ഥാപനമായ സാൻറമോണിക്കയുടെ ഡയറക്ടറാണിവർ.
വിദ്യാഭ്യാസ വിചക്ഷണ എന്ന നിലയിലാണ് ഡോ. റെനി സെബാസ്റ്റ്യനെ ഉൾപ്പെടുത്തിയതെന്നും നിയമനം സംബന്ധിച്ച് മറ്റെന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്വേഷിക്കുമെന്നുമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി ബിന്ദു മറുപടി നൽകിയത്.
സിൻഡിക്കേറ്റിലെ രണ്ട് ഒഴിവുകളിൽ കഴിഞ്ഞദിവസമായിരുന്നു നിയമനം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെയും ഡോ. റെനി സെബാസ്റ്റ്യനെയുമാണ് നിയമിച്ചത്. വിദേശ പഠനത്തിനുള്ള കൺസൾട്ടൻസി സ്ഥാപനമാണ് സാൻറമോണിക്ക.
അതേസമയം, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി. സംസ്ഥാനത്തെ വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ സർവകലാശാല സിൻഡിക്കേറ്റിലേക്ക് നിയോഗിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

