'ഹർഷനെ കാണാൻ നേരിട്ടു ചെന്നു; മിടുക്കനായിരിക്കുന്നു അവൻ'
text_fieldsകോഴിക്കോട്: വൈകല്യം മറികടന്ന് പിച്ചവെച്ച് നടന്ന നാല് വയസുകാരന്‍ ഹര്‍ഷനെ കാണാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അങ്കണവാടിയിലെത്തി. ശനിയാഴ്ച വൈകീട്ടാണ് ബേപ്പൂര്‍ കുണ്ടായിത്തോട് കരിമ്പാടം സ്‌പെഷ്യല്‍ അങ്കണവാടിയില്‍ അതിഥിയായി മന്ത്രി എത്തിയത്. കുഞ്ഞു ഹര്‍ഷന്‍ മന്ത്രിയെ നേരിട്ടു സ്വീകരിച്ചു.
ഹര്‍ഷനും അങ്കണവാടി കൂട്ടുകാര്‍ക്കും മന്ത്രി മധുരം നല്‍കി. രണ്ട് കൈ നിലത്ത് കുത്തി മാത്രം നടക്കുമായിരുന്ന ഹര്‍ഷനെ സ്‌പെഷ്യല്‍ അങ്കണനവാടി ടീച്ചര്‍ ശില്‍പയാണ് നടക്കാനായി പരിശീലിപ്പിച്ചത്. ഇന്ന് ഹര്‍ഷന്‍ സാധാരണ കുട്ടികളെപ്പോലെ ഓടി നടക്കുകയും കളിക്കുകയും ചെയ്തു. ശില്‍പ ടീച്ചറെയും മന്ത്രി അഭിനന്ദിച്ചു. ഇതെ കുറിച്ച് മന്ത്രി ഫേസ്ബുക്കിലും കുറിച്ചു. കുറിപ്പിന്റെ പൂർണ രൂപം:
കുഞ്ഞിക്കാലടി വെക്കുന്ന ഹർഷന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നല്ലോ. ബേപ്പൂർ മണ്ഡലത്തിലെ കുണ്ടായിത്തോട് കരിമ്പാടം സ്‌പെഷ്യൽ അങ്കണവാടിയിൽ കുഞ്ഞുഹർഷനെ കാണാൻ നേരിൽ ചെന്നു. എന്തു മിടുക്കനായിരിക്കുന്നു അവൻ!
ഹർഷനു വേണ്ട എല്ലാവിധത്തിലുള്ള ശാസ്ത്രീയ പരിചരണവും ഉറപ്പാക്കിയ ശിൽപ ടീച്ചർക്കും സ്പെഷ്യൽ അങ്കണവാടിക്കും എല്ലാ അഭിനന്ദനങ്ങളും നേർന്നു.
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് (എസ്.ഐ.ഡി) പദ്ധതിയെക്കുറിച്ചും സ്പെഷ്യൽ അങ്കണവാടികളുടെ സവിശേഷ സേവനത്തെക്കുറിച്ചും കൂടുതൽ ശ്രദ്ധയുണർത്താൻ കൂടി കുഞ്ഞുഹർഷൻ നിമിത്തമായതിൽ എത്രയും സന്തോഷമുണ്ട്.
ഭിന്നശേഷിത്വം കാലേക്കൂട്ടി കണ്ടെത്തി ഇത്തരം സംവിധാനങ്ങളിലെത്തിക്കാൻ കഴിഞ്ഞാൽ ഹർഷനെപ്പോലെ തുള്ളിച്ചാടി നടക്കാനാവും.
നമുക്കു ചുറ്റിലുമുള്ള പല കുഞ്ഞുങ്ങൾക്കും. സാമൂഹ്യനീതി വകുപ്പിന്റെ ഈ ഗ്രാമതല ഇടപെടലിന്റെ വിജയശേഷിയെപ്പറ്റി ജാഗ്രതയുണർത്താനും ഹർഷന്റെ വിജയാധ്യായം ജനശ്രദ്ധയിൽ കൊണ്ടുവന്നതിലൂടെ കഴിഞ്ഞുവെന്നു കരുതട്ടെ. മനം നിറഞ്ഞ ചാരിതാർത്ഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

