മൂന്നുകോടിക്ക് മന്ത്രിസ്ഥാനം: വിദ്യ ബാലകൃഷ്ണനെ കൂടാതെ ബി.ജെ.പി എം.എൽ.എയെയും പ്രതി തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചു; രണ്ട് ഡൽഹി സ്വദേശികൾ റിമാൻഡിൽ
text_fieldsകോഴിക്കോട്: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസഭ പുനഃസംഘടനയിൽ മന്ത്രിയാക്കമെന്ന് എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പിന് ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. ഈസ്റ്റ് ഡൽഹി സ്വദേശികളായ ഗൗരവ് (21), നിതിൻകുമാർ (21) എന്നിവരെയാണ് ഡൽഹി പൊലീസിന്റെ സഹായത്തോടെ ഡൽഹിയിലെ ഗാസിപൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നാസികിലെ ബി.ജെ.പി എം.എൽ.എയെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഗൗരവെന്ന് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പരാതിക്കാരിയെ ബന്ധപ്പെട്ട മൊബൈൽ നമ്പർ, വാട്സ്ആപ് അക്കൗണ്ട്, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. കോഴിക്കോട് സിറ്റി ഡി.സി.പി പദംസിങിന്റെ നേതൃത്വത്തിലുള്ള സൈബർ സംഘം പ്രതികളെ ഗാസിപൂരിൽനിന്ന് ഞായറാഴ്ച പുലർച്ച കോഴിക്കോടെത്തിക്കുകയായിരുന്നു. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. വയനാട് എം.പിയുടെ ഓഫിസിൽനിന്ന് രാജ്കുമാർ എന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് വാട്‌സ്ആപ് കോൾ വഴി പ്രതികൾ വിദ്യാബാലകൃഷ്ണൻ എം.എൽ.എയെ ബന്ധപ്പെടുന്നത്. 10 മിനിറ്റോളം ഇംഗ്ലീഷിൽ സംസാരിച്ചു. സംശയം തോന്നിയ എം.എൽ.എ പണം പിന്നീട് നൽകാമെന്നു മറുപടി നൽകുകയായിരുന്നു. തുടർന്ന് എം.പിയുടെ ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. സൈബർ ക്രൈം പൊലീസിന്റെ അന്വേഷണത്തിൽ എം.എൽ.എയെ ബന്ധപ്പെട്ടത് ഡൽഹിയിൽ നിന്നാണെന്ന് കണ്ടെത്തി. ഡി.സി.പി പദംസിങും എസ്.ഐമാരായ എ. അനിൽകുമാർ, ടി. നൗഷാദ്, എ.എസ്.ഐമാരായ ടി. ബിജു എന്നിവർ ഡൽഹി പൊലീസിന്റെ സഹായത്തോടെ ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഡൽഹിയിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് പ്രകാരം കോഴിക്കോട്ടെത്തിക്കുകയായിരുന്നു. പ്രധാന പ്രതിയായ ഗൗരവിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത സമാന സ്വഭാവമുള്ള കേസുകളിൽ പങ്കുള്ളതായി പൊലീസ് കണ്ടെത്തി.
എം.പിമാരായ ഷാഫി പറമ്പിലിനേയും ഡീൻ കുര്യാക്കോസിനേയും വയനാട് എം.പിയുടെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

