'സംഭവിക്കാൻ പാടില്ലാത്തത്, കേരളത്തിൽ കേട്ടുകേൾവിയില്ലാത്തത്'; മർദനമേറ്റ അഭിഭാഷകയെ സന്ദർശിച്ച് മന്ത്രി രാജീവ്
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകന്റെ മർദനത്തിനിരയായ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മന്ത്രി പി.രാജീവ് സന്ദർശിച്ചു. കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകക്ക് എല്ലാ പിന്തുണയും നൽകി.
കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് ശ്യാമിലിക്കെതിരെ നടന്നതെന്നും നമ്മുടെ നാട്ടിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. നിയമവകുപ്പ് വിഷയം ബാർ കൗൺസിലിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അച്ചടക്ക നടപടി വേണമെന്ന സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടുമെന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്‍റെ പരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. മര്‍ദനമേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തിൽ ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും.
ചൊവ്വാഴ്ചയാണ് വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. ഇതേതുടർന്ന് മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകി. ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, മർദനം നടക്കുമ്പോഴും കണ്ടുനിന്നവർ പിടിച്ചുമാറ്റാനോ അഭിഭാഷകയെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്. വഞ്ചിയൂർ കോടതിക്കും പൊലീസ് സ്റ്റേഷനും തൊട്ടടുത്താണ് ക്രൂരമായ രീതിയിൽ ജൂനിയർ അഭിഭാഷകക്ക് മർദനമേറ്റത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശ്യാമിലിയുടെ സി.ടി സ്കാൻ പൂര്‍ത്തിയായപ്പോൾ കണ്ണിന് ഗുരുതര പരിക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച തന്നെ നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടു. കവിളില്‍ ആഞ്ഞടിക്കുകയും തറയിൽ വീണപ്പോൾ അവിടെ വെച്ചും ക്രൂരമായി മർദിക്കുകയും ചെയ്തു. ജൂനിയര്‍ അഭിഭാഷകരോട് സീനിയർ വളരെ മോശമായാണ് പെരുമാറാറുള്ളതെന്ന് അഭിഭാഷക പറഞ്ഞു.
ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സീനിയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ചൊവ്വാഴ്ച അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചു.
അതേസമയം, ഒളിവിൽ പോയ സീനിയർ അഭിഭാഷകനെ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. അതിക്രമത്തിൽ വനിത കമീഷൻ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

