വാക്കു പറഞ്ഞാൽ അത് പാലിക്കും; അതാണ് ഈ സർക്കാരിെൻറ നയമെന്ന് മന്ത്രി; വാസുദേവശർമ്മക്ക് ആഹ്ലാദം
text_fieldsമെയ് 15 ന് കണയന്നൂർ താലൂക്ക്തല അദാലത്തിലാണ് 76 കാരനായ വാസുദേവ ശർമ്മ തനിക്ക് പവർ വീൽ ചെയർ അനുവദിക്കണമെന്ന അപേക്ഷയുമായി മന്ത്രി പി. രാജീവിന് മുൻപിലെത്തിയത്. അന്ന് അപേക്ഷ പരിഗണിച്ച് ദിവസങ്ങൾക്കകം ഇലക്ട്രിക് വീൽ ചെയർ നൽകാമെന്ന് വാക്കു പറഞ്ഞു. ആ വാക്കാണ് 10 ദിവസത്തിനകം നിറവേറ്റിയത്.ഇപ്പോൾ വാസുദേവ ശർമ്മ ആഹ്ലാദത്തിലാണ്. ഈ അനുഭവത്തെ കുറിച്ച് പി. രാജീവ് ഫേസ് ബുക്ക് പേജിൽ വിശദമായ കുറിപ്പിട്ടു.
കുറിപ്പ് പൂർണ രൂപത്തിൽ
`വാക്കു പറഞ്ഞാൽ അത് പാലിക്കും; അതാണ് ഈ സർക്കാരിന്റെ നയം' - ഇത് പറഞ്ഞപ്പോൾ വാസുദേവശർമ്മ നിറഞ്ഞ മനസോടെ ശരിവച്ചു. പത്ത് ദിവസം മുൻപ് വാഗ്ദാനം ചെയ്ത പവർ വീൽ ചെയർ വാസുദേവശർമ്മക്ക് ഇന്ന് കൈമാറി. മെയ് 15 ന് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക്തല അദാലത്തിലാണ് 76 കാരനായ വാസുദേവ ശർമ്മ തനിക്ക് പവർ വീൽ ചെയർ അനുവദിക്കണമെന്ന അപേക്ഷയുമായി മുന്നിലെത്തിയത്.
അന്ന് അപേക്ഷ പരിഗണിച്ച് ദിവസങ്ങൾക്കകം ഇലക്ട്രിക് വീൽ ചെയർ നൽകാമെന്ന് വാക്കു പറഞ്ഞിരുന്നു. ആ വാക്കാണ് 10 ദിവസത്തിനകം നിറവേറ്റിയത്. ആറ് മാസം കൊണ്ട് തീർപ്പാക്കും എന്ന് പ്രതീക്ഷിച്ച പ്രശ്നമാണ് അദാലത്തിലെ ഇടപെടലിൽ അതിവേഗം പരിഹരിക്കപ്പെട്ടത്. കോതമംഗലം താലൂക്ക് തല അദാലത്ത് വേദിയിലെത്തി വാസുദേവ ശർമ്മ വീൽചെയർ ഏറ്റുവാങ്ങി. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 75,000 രൂപയുടെ ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയ വീൽ ചെയർ ആണ് സമ്മാനിച്ചത്.
"വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. എനിക്ക് ഇനി പുതിയൊരു ജീവിതം തുടങ്ങാം..."- പുതിയ പവർ വീൽ ചെയറിൽ ഇരുന്ന് വാസുദേവ ശർമ്മ പറഞ്ഞു. വീടിന്റെ സമീപത്തുള്ള ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് പോയി ഭാഗ്യക്കുറി വിറ്റ് സ്വന്തമായി വരുമാനമുണ്ടാക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. സർക്കാരിനോടുള്ള നന്ദിയും അറിയിച്ചാണ് പുതിയ വീൽ ചെയറിൽ വാസുദേവ ശർമ്മ അദാലത്ത് വേദി വിട്ടത്.
28-ാം വയസിലാണ് വാസുദേവ ശർമ്മ സൈക്കിൾ അപകടത്തിൽപെടുന്നത്. അപകടത്തിൽ സ്‌പൈനൽ കോഡിന് ക്ഷതം സംഭവിച്ചതുമൂലം 80 ശതമാനത്തോളം ഭിന്നശേഷിക്കാരനായി മാറി അദ്ദേഹം. 2014 ആണ് ആദ്യമായി ഇലക്ട്രിക് വീൽ ചെയറിനായി അപേക്ഷ നൽകുന്നത്. വർഷങ്ങൾക്കിപ്പുറം കരുതലും കൈത്താങ്ങും വേദിയിലാണ് ഒടുവിൽ പരിഹാരമായത്.