കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം, വംശനാശം നേരിടുന്ന ജീവിയല്ലല്ലോ -മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ: കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ കൊന്നാൽ തിന്നാൻ കഴിയണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇത്തരത്തിൽ അനുമതി നൽകിയാൽ പന്നിശല്യത്തിന് വേഗത്തിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാൽ കേന്ദ്രനിയമമാണ് ഇതിന് തടസമാകുന്നത്. പന്നി വംശനാശം നേരിടുന്ന വിഭാഗത്തിൽ പെടുന്ന ജീവിയൊന്നുമല്ലല്ലോ എന്നും മന്ത്രി ചോദിക്കുന്നു. നൂറനാട് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം ചെറുക്കാനായി സോളാർ ഫെൻസിങ് സ്ഥാപിക്കാനായുള്ള പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
“വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് പന്നിശല്യം ആളുകളെ ആക്രമിക്കുന്ന നിലയിലെത്തി. കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ കേന്ദ്രനിയമം അതിന് അനുവദിക്കുന്നില്ല. കൊല്ലുന്ന പന്നിയെ തിന്നാൻ കഴിഞ്ഞാൽ ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. പന്നി വംശനാശം നേരിടുന്ന വിഭാഗത്തിൽ പെടുന്ന ജീവിയൊന്നുമല്ലല്ലോ” - പി. പ്രസാദ് പറഞ്ഞു.
നിരുത്തരവാദത്തോടെ പെരുമാറുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി പരസ്യമായി ശാസിച്ചു. പന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാത്തതിലാണ് ശാസന. ഉദ്യോഗസ്ഥർ ചക്രവർത്തിമാരല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ശമ്പളം കിട്ടുന്നതെന്ന് മറക്കരുതരുത്. പി.എസ്.സി എഴുതി കയറിയതാണെന്ന അഹങ്കാരം വേണ്ടെന്നും എല്ലാം ജനങ്ങളുടെ പണം കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“പരിശോധന നടത്തിയ ഡോക്ടറുടെയും ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അങ്ങേയറ്റത്തെ നിരുത്തരവാദ സമീപനം കൊണ്ട് അർഹരായവർക്ക് സാമ്പത്തിക സഹായം ലഭിക്കാത്ത അവസ്ഥയുണ്ട്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്നത്തെ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. ഒരു തരത്തിലും അനുവദിക്കാൻ കഴിയാത്ത സമീപനമാണിത്. ഏതെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന തൊടുന്യായം പറഞ്ഞാണ് ഇവർ ആനുകൂല്യം വൈകിപ്പിത്തുന്നത്. ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നതെന്ന് അവർ ഓർക്കണം” -മന്ത്രി പറഞ്ഞു.
മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതോടെ ജൂലൈ വരെ 4,734 എണ്ണത്തിനെ വെടിവച്ചു കൊന്നെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ മാസം നിയമസഭയിൽ അറിയിച്ചിരുന്നു. പാലക്കാട്ടാണ് കൂടുതൽ പന്നികളെ കൊന്നത് -1457. മലപ്പുറത്ത് -826, തിരുവനന്തപുരം -796 പന്നികളെയും കൊന്നു. നാടൻ കുരങ്ങുകളെ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെടുന്നതിനാൽ എണ്ണം നിയന്ത്രിക്കാൻ പരിമിതിയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടി. കർമ്മപദ്ധതിയും തയാറാക്കി വരുന്നു.
വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് നിലവിൽ നൽകുന്ന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ഇരട്ടിയാക്കുന്നത് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. വനത്തിന് പുറത്തുനിന്നുള്ള പാമ്പുകടി, തേനീച്ച, കടന്നൽ കുത്ത് മൂലമുള്ള ജീവഹാനിക്ക് നഷ്ടപരിഹാരം നാല് ലക്ഷം രൂപയായി വർധിപ്പിച്ചു. ആകെ വനാതിർത്തിയായ 11,554 കിലോമീറ്ററിൽ 10,714 കിലോമീറ്റർ അതിർത്തി നിർണയിച്ച് ജണ്ട കെട്ടി. ഇനി 840 കിലോമീറ്ററിലാണ് ജണ്ട നിർമ്മിക്കേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 9,441 ജണ്ടകൾ നിർമ്മിച്ചെന്നും മന്ത്രി ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

