മന്ത്രി എൻ. ഷംസുദ്ദീൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; സഭയെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകും
text_fieldsകോട്ടയം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ ആവശ്യങ്ങൾ പരിഗണിച്ചും അവരെ വിശ്വാസത്തിൽ എടുത്തും മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കുറേയധികം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടായിരുന്നു. ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചെന്നും അതിൽ ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്നും ഷംസുദ്ദീൻ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സഭ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.അധ്യാപക നിയമനത്തിൽ ആർക്കും ആശങ്കയില്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി അധ്യാപക നിയമനങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി പ്രതിസന്ധിയുണ്ട്. അതു പരിഹരിക്കാനുള്ള നീക്കമാണ് നടത്തിയത്. ആ നീക്കത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചതു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുമായുള്ള ചർച്ചയിൽ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സഭ കുറച്ചു പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും വ്യക്തമാക്കി.
തുറന്ന മനസ്സോടെ അവ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചില ഉത്തരവുകളിൽ വ്യക്തതക്കുറവുകൾ സംഭവിച്ചിട്ടുണ്ട്. അവ എങ്ങനെയും വ്യാഖ്യാനിക്കാം എന്ന സ്ഥിതിയുണ്ട്. അത് ഭാവിയിൽ എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് മാറുമെന്ന ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

