തിരുവനന്തപുരം: വാണിജ്യാവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ പാർക്കിങ് എരിയകളിൽ നിന്ന് പാർക്കിങ് ഫീസ് ഇൗടാക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ.
കേരളത്തിൽ ഷോപ്പിങ് മാളുകൾ അടക്കമുള്ള കെട്ടിടങ്ങൾ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും, ഇത്തരത്തിൽ പാർക്കിങ് ഫീസ് ഈടാക്കാൻ ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടോ എന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.
2019 ലെ കേരളാ പഞ്ചായത്ത് ബിൽഡിങ് റൂൾസിൽ, റൂൾ 29 ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് വാഹന പാർക്കിങ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്.
ഇപ്രകാരം നിർമിക്കുന്ന കെട്ടിടങ്ങൾ മേൽ ചട്ടങ്ങളിൽ ഒന്നും തന്നെ പാർക്കിങ് എരിയകളിൽ വാഹനങ്ങളിൽ നിന്നും പാർക്കിങ് ഫീസ് ഇൗടാക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
സംസ്ഥാനത്ത് ഇത്തരത്തിൽ വാഹനപാർക്കിംഗ് ഫീസ് ഈടാക്കുന്ന വൻകിട വ്യാപാരസ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച് സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല' എന്നാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് മാളുകൾ,ആശുപത്രികൾ തുടങ്ങി പലയിടങ്ങളിലും ചട്ടം ലംഘിച്ച് വാഹന പാർക്കിങ് ഫീസ് ഇൗടാക്കുന്നതായി പരാതികൾ ഉണ്ട്.