ആർ.എസ്.എസ് നിരോധനം ഓർമിപ്പിച്ച് സ്പീക്കര്‍ ഷംസീറിന് മന്ത്രി രാജേഷിന്‍റെ മറുപടി
text_fieldsഎം.ബി.രാജേഷ്
തൃശൂര്‍: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിൻ്റെ പ്രസ്താവനക്ക് ആര്‍.എസ്.എസിനെ നിരോധിച്ച കാലം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷിൻ്റെ മറുപടി. തൃശൂർ ജില്ലയിലെ തദ്ദേശ അദാലത്തിൻ്റെ സമാപനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
'ആർ.എസ്.എസിനെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണത്' - മന്ത്രി പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങള്‍ ചോദിക്കാമോ എന്ന ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളിയായിരുന്നു മറുപടി. 'അദാലത്തിന് വന്നാല്‍ അദാലത്തിന്റെ കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ എന്ന് പറയില്ല' എന്നായിരുന്നു മറുപടി. 'ചോദിച്ചോളൂ, മറുപടി പറയണോ എന്ന് ഞാന്‍ തീരുമാനിക്കും' എന്ന് പറഞ്ഞ മന്ത്രി രാഷ്ട്രീയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി പറഞ്ഞതുമില്ല.

