വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു, തറക്കല്ലിട്ട് മന്ത്രി
text_fieldsകൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന പുതിയ വീടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തറക്കല്ലിട്ടു. നാല് മാസത്തിനകം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കുടുംബം താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെയും നേതൃത്വത്തിലാണ് വീടൊരുങ്ങുന്നത്. 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമാണം. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ, സിറ്റ് ഔട്ട്, സ്റ്റെയർകെയ്സ് എന്നിവ വീടിന്റെ ഭാഗമായി ഉണ്ടാകും.
വീടിന്റെ മാതൃക
വീടിനു പുറമെ, മിഥുന്റെ കുടുംബത്തിന് സർക്കാർ വിവിധ ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക സഹായമായി മൂന്ന് ലക്ഷം രൂപയും കെ.എസ്.ഇ.ബിയിൽ നിന്ന് 10 ലക്ഷവും അധ്യാപക സംഘടനയായ കെ.എസ്.ടി.എ നിന്ന് 11 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, മിഥുന്റെ അനുജന്റെ സ്കൂൾ വിദ്യാഭ്യാസ ചെലവുകൾ വിദ്യാഭ്യാസ വകുപ്പ് പൂർണമായും വഹിക്കും.
ജൂലൈ 17നാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ എട്ടാംക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ തങ്ങുകയായിരുന്നു. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മേയ് 13ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു. വീഴ്ച വരുത്തിയതിൽ പ്രധാന അധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

