പുനലൂർ: ഉരുൾപൊട്ടൽ മേഖലയിൽ ജിയോളജി, സോയിൽ കൺസർവേഷൻ, ഭൂജലം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സമഗ്ര പഠനം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുനലൂർ താലൂക്കിൽ ഉരുൾപൊട്ടലുണ്ടായ ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങളിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം തവണയാണ് കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചക്കുള്ളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പഠനം നടത്തും. ഉരുൾപൊട്ടൽ സാധ്യത, പ്രദേശത്തിന്‍റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി പഠിക്കും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകളെ ഉൾപ്പെടുത്തും. സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നുമുള്ള തുകക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൂടി തുക ഉൾപ്പെടുത്തി പ്രകൃതി ദുരന്ത മേഖലകളിൽ കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എൻ.കെ പ്രേമചന്ദ്രൻ എം.പി, പി.എസ്. സുപാൽ എം.എൽ.എ, ജില്ലാ കലക്ടർ അഫ്‌സാന പർവീൺ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് സുജ തോമസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.