മോദിയുടെ വരവിൽ മെച്ചം തട്ടുകടക്കാർക്ക് മാത്രം -മന്ത്രി രാജൻ
text_fieldsതൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിൽ തട്ടുകടക്കാർക്ക് മാത്രമാണ് മെച്ചമെന്ന് മന്ത്രി കെ. രാജന്റെ പരിഹാസം. തൃശൂർ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് മോദി വന്നത്. വനിതാ സംവരണ ബിൽ 2024 തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
വടക്കുംനാഥന് മുന്നിലെ മരങ്ങളിലെ എല്ലാ ജഡകളും മുറിച്ചത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും. തൃശൂർ പൂരത്തെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളെ സർക്കാർ കൊള്ളയടിക്കുന്നുവെന്നും തൃശൂർ പൂരം വിഷയത്തിൽ രാഷ്ട്രീയ കളിയാണെന്നും മോദി ആരോപിച്ചിരുന്നു. ‘അവര്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ കൊള്ളയുടെ മാര്‍ഗമായാണ് കാണുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ഉണ്ടാക്കുന്നതാണ്’ എന്നായിരുന്നു ആരോപണം. മോദിയുടെ ശബരിമല, മതമേലധ്യക്ഷന്‍മാരുടെ വിരുന്ന് പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ഇടത് മുന്നണിയുടെ തീരുമാനം.
ഉലകം ചുറ്റും വാലിബനായ മോദി മണിപ്പൂരിൽ പോകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി വെല്ലുവിളിച്ചിരുന്നു. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. താൻ എല്ലാം അറിയുണ്ടായിരുന്നുവെന്നും വരാൻ വൈകി പോയെന്നും അവിടത്തെ സ്ത്രീകളോട് പറയണം. സ്ത്രീകൾ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരു വാക്ക് പറയാൻ സാധിക്കാത്തതിൽ മാപ്പ് പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മഹിളകളുടെ സമ്മേളനം മോദി നടത്തിയ നാടകമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സ്ത്രീകളുടെ മാനംകാക്കാൻ അറിയാത്ത, അവർക്ക് ജീവിതം കൊടുക്കാൻ പരാജയപ്പെട്ട, കക്കൂസുകളിലൊന്നും വെള്ളം എത്തിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വെറുമൊരു നാടകക്കാരനായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

