പൊതിച്ചോറിൽ യു ടേണടിച്ച് മന്ത്രി കെ. മുരളീധരൻ: ‘രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല’
text_fieldsതിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടിയുള്ള പൊതിച്ചോർ വിതരണത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനത്തതോടെ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്നും ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടതാണെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മന്ത്രി കെ. മുരളീധരന്റെ വിശദീകരണം.
ഡി.വൈ.എഫ്.ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടേയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്നും ഇത്തരം പ്രവർത്തനം എന്തുവിലകൊടുത്തും തടയുമെന്നും ഞായറാഴ്ച മന്ത്രി കടുത്ത സ്വരത്തിൽ ആവർത്തിച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റം.
ആരോഗ്യവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവും വിയോജിപ്പുമുയർത്തി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു. സർക്കാർ തടഞ്ഞാലും വിതരണം തുടരുമെന്ന നിലപാടിൽ ഏറ്റുമുട്ടലിനുറച്ചാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ രംഗത്തെത്തിയത്. ഇതോടെ പാവപ്പെട്ടവർക്ക് ആഹാരം നൽകുന്നതിനെ അധികാരമുപയോഗിച്ച് തടയുന്നതും അതിന്റെ പേരിലുള്ള ഏറ്റുമുട്ടലുകളും ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ വീണ്ടുവിചാരം.
ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയെന്നും അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞതെന്നുമാണ് കെ. മുരളീധരൻ വിശദീകരിച്ചത്. സ്ഥലം കൈയേറിയതിലാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. സ്ഥലം കൈയേറ്റം അംഗീകരിക്കാനാകില്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടുന്നത്. ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താല്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ല. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണിക്കരുതെന്നും മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണവിതരണമെന്നും മുഹമ്മദ് റിയാസ് എം.എൽ.എ പ്രതികരിച്ചു. ഭക്ഷണ വിതരണത്തെ ശത്രുതയോടെ കാണരുത്. വീടുകളിൽനിന്ന് ശേഖരിച്ച് പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയുമായി ചർച്ച നടത്താൻ ആരോഗ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കെ. മുരളീധരന്റെ അനുമതി വാങ്ങിയല്ല പൊതിച്ചോർ പദ്ധതി ആരംഭിച്ചതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഡോ. ജെ.എസ്. ഷിജുഖാൻ കോട്ടയത്ത് പറഞ്ഞു. കേരളത്തിന്റെ പൊതുസ്വത്തായ മെഡിക്കൽ കോളജുകളിലാണ് ബാനർ സ്ഥാപിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനങ്ങൾ സ്വീകരിക്കുന്ന കാലത്തോളം പൊതിച്ചോർ വിതരണം തുടരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എയും വ്യക്തമാക്കി. ചുവപ്പ് കണ്ട കാളയെപ്പോലെ ഡി.വൈ.എഫ്.ഐയുടെ കൊടി കാണുമ്പോൾ ചിലർക്ക് എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു. ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടയരുതെന്നും പാവപ്പെട്ടവരുടെ അന്നം മുടക്കരുതെന്നും സി.പി.എം നേതാവ് എം. സ്വരാജും പ്രതികരിച്ചു.
വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. സർക്കാരിന്റെ കമ്യൂണിറ്റി കിച്ചൻ പദ്ധതി പ്രായോഗികമല്ലെന്നും, വിവിധ സംഘടനകൾ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ എതിർക്കേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

