ഡ്രൈവറുമായി 'അവിഹിത ബന്ധ'മുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ, വിശദീകരണവുമായി മന്ത്രി ഗണേഷ്കുമാർ
text_fieldsതിരുവനന്തപുരം: ഡ്രൈവറുമായി ‘അവിഹിതബന്ധ’മുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സിയുടെ വിവാദ നടപടിയിൽ വിശദീകരണം നൽകി മന്ത്രി കെ.ബി ഗണേഷ്കുമാർ. ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ കെ.എസ്.ആർ.ടി.സി ഇടപെടില്ല. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് പറ്റിയെങ്കില്‍ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം കൊടുത്തത്. വിഷയത്തില്‍ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെ.എസ്.ആർ.ടി.സി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നുവെന്നതാണ്.
ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്കാണ്. നാട്ടുകാരുടെ കൈയിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായി. സസ്‌പെന്‍ഷന്‍ ഉത്തരവിലേത് ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധമാണ്. ആരുടേയും വ്യക്തിപരമായ കാര്യത്തില്‍ ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സിക്ക് ഇല്ല. അതിനാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ചയായിരുന്നു വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്.
അവിഹിതബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്‍റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെ.എസ്.ആർ.ടി.സി അസാധാരണ നടപടിയെടുത്തത്.
നടപടി വിവാദമായതോടെ മന്ത്രി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ ആരോപണ വിധേയയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊല്ലത്തെ വനിതാ കണ്ടക്ടറാണ് അച്ചടക്ക നടപടി നേരിട്ടത്. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ 'അവിഹിതം' ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

