വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചെന്ന് ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അടൂര്‍ പ്രകാശ് എം.പിക്കെതിരെ ആരോപണവുമായി മന്ത്രി ഇ.പി. ജയരാജന്. പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്നും കൊലപാതക ശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചെന്നും മന്ത്രി ആരോപിച്ചു. നിഷേധിച്ച അടൂർ പ്രകാശ്, ആരോപണം തെളിയിക്കാൻ ഇ.പി. ജയരാജനെ വെല്ലുവിളിച്ചു.
ഗൂഢാലോചനയിൽ അടൂർ പ്രകാശിെൻറ പങ്ക് അന്വേഷിക്കണം. കൃത്യത്തിനുശേഷം 'ലക്ഷ്യം നിർവഹിച്ചു'വെന്ന് പ്രതികൾ പ്രകാശിന് സന്ദേശം നൽകിയതായാണ് അറിഞ്ഞത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്. മന്ത്രി ആരോപിച്ചു.
തനിക്ക് ബന്ധമില്ലെന്നും മറ്റ് പലതും മറച്ചുവെക്കുന്നതിനു കണ്ടുപിടിച്ച അഭ്യാസമാണ് ആരോപണമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. പ്രതികളാരും വിളിച്ചിട്ടില്ല. കൊലപാതകത്തിൽ ഒരു സി.െഎ.ടി.യുക്കാരന് പങ്കുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അയാളെ രക്ഷപ്പെടുത്താൻ കണ്ടുപിടിച്ച മാർഗമാണ് ആരോപണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. പ്രതികൾ വിളിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കെട്ട. ജനപ്രതിനിധിയായതിനാൽ നിരവധിപേർ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾ പരിഹരിക്കാനുമെല്ലാം ബന്ധപ്പെടാറുണ്ട്. അവർ 'ഇന്നയാളാണോ' എന്ന് നോക്കിയല്ല ഇടപെടുന്നത്. ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ട്. -അടൂർ പ്രകാശ് പ്രതികരിച്ചു.
എം.പിക്കെതിരെ ശബ്ദരേഖയുമായി ഡി.വൈ.എഫ്.െഎ
തിരുവനന്തപുരം: പ്രതി ഷജിത്തിന് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ശബ്ദരേഖ പുറത്തുവിട്ടു. ഡി.വൈ.എഫ്.െഎ പ്രവർത്തകനായ ഫൈസലിനെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവെന്നതിന് തെളിവായാണ് ഷജിത്ത് മെസഞ്ചർ ഗ്രൂപ്പിലിട്ട ശബ്ദസന്ദേശം പുറത്തുവിട്ടത്. പ്രതികള്‍ക്ക് എം.പിയുമായുള്ള ബന്ധം മന്ത്രി ജയരാജന് ആരോപിച്ചതിനു പിന്നാലെയാണ് ശബ്ദരേഖ പുറത്തു വിട്ടത്. ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ സ്റ്റേഷനിൽ വിളിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.