പ്രിയദർശിനിയിൽ കയറുന്ന സ്ത്രീകൾക്കെതിരെ മന്ത്രി സി.പി. ജോൺ: ‘കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും, കുട്ടികളെ ചേർക്കുന്നത് ഫീസ് കൊടുക്കുന്ന സ്വകാര്യ സ്കൂളിൽ’
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനിയിൽ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. കേരള പ്രൈവറ്റ് ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം. കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറുന്ന സ്ത്രീകൾ അവരുടെ മക്കളെ ചേർക്കുന്നത് ഫീസ് കൊടുക്കുന്ന സ്വകാര്യ സ്കൂളിലാണെന്നും അസുഖം വന്നാൽ പ്രൈവറ്റ് ആശുപത്രിയിൽ പോകാതെ ഗവ. ആശുപത്രിയുടെ വരാന്തയിൽ കിടക്കുകയാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
‘കേരളത്തിലെ ജനങ്ങളുടെ ബിഹേവിയർ എനിക്ക് മനസ്സിലാകുന്നില്ല. പാവപ്പെട്ടവനായി പണക്കാരൻ അഭിനയിക്കുന്നു, പരമ ദരിദ്രനായി അഭിനയിക്കുന്നു. അഭിനയമെന്നാൽ ചെറിയ കാര്യമല്ല. ബസ്സിന് കാശില്ലാത്ത സ്ത്രീ, സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നു. സർക്കാർ സ്കൂളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോഴും ഫീസ് കൊടുക്കേണ്ടാത്ത സ്കൂളുകളിൽ പോകാതെ പ്രൈവറ്റ് സ്കൂളിൽ അയക്കുന്നു. എന്നാൽ, അസുഖം വന്നാൽ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഗവ. ആശുപത്രിയുടെ വരാന്തയിൽ കിടക്കുന്നു.
പൊതുഗതാഗതം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം ഈ മൂന്ന് കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. ബസ് വന്നാൽ, കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. എന്നാൽ, തൊട്ടപ്പുറത്ത് കുട്ടികളെ ചേർക്കുന്നത് ഫീസ് കൊടുക്കുന്ന സ്വകാര്യ സ്കൂളിലാണ്. അസുഖം വന്നാൽ പ്രൈവറ്റ് ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പൈസയില്ല. പക്ഷേ, പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നു. ഇതിന്റെ കാരണം നിങ്ങളോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല. മറിച്ച്, നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കൈയിൽ കാശില്ല എന്ന യാഥാർഥ്യമാണ്. ഇതാണ് ഞങ്ങൾ പഠിക്കുന്നത്’ -എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.
കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രസംഗമെന്ന് സി.പി.എം നേതാവും മഹിളാ അസോസിയേഷൻ ദേശീയ നേതാവുമായ പി.കെ. ശ്രീമതി ആരോപിച്ചു. വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

