‘എത്ര അമ്മമാരുടെ കത്താണ് എനിക്ക് വരുന്നത്... എത്രപേർ ഫോൺ ചെയ്യുന്നു..; പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഇപ്പോൾ നേരെ തിരിച്ചായി’ -മന്ത്രി ചെന്നിത്തല
text_fieldsആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഓപ്പറേഷൻ തൂഫാൻ വന്നതോടെ ജനങ്ങളെ മാഫിയക്ക് പേടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയകളെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറും സംസ്ഥാന ആഭ്യന്തര വകുപ്പും കൈകോർത്ത് ആരംഭിച്ച ഓപറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. യുഡിഎഫ് സർക്കാർ ഏറ്റെടുത്ത ഏറ്റവും നല്ല പരിപാടികളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ നാടിനെയും നമ്മുടെ യുവത്വത്തെയും രക്ഷിക്കാനുള്ള പരിപാടിയാണിത്. ഇതിൽ എല്ലാവരും പങ്കാളികളാകുന്നു. രാഷ്ട്രീയമില്ല, പ്രാദേശിക വ്യത്യാസമില്ല, ജാതിമത ചിന്തകൾക്കപ്പുറം എല്ലാവരും ഒരുമിച്ചു ചേരുന്ന മഹാപ്രസ്ഥാനമാണ് ഓപറേഷൻ തൂഫാൻ. നമ്മുടെ ഭാവി തലമുറയെ മയക്കുമരുന്നിൽ നിന്ന് രക്ഷിക്കണം. അവരുടെ ഭാവി കരുപ്പിടിപ്പിച്ചെടുക്കണം. ഞങ്ങൾ ഇത് ആരംഭിച്ചെങ്കിലും ഇപ്പോൾ ജനങ്ങളെല്ലാം അതിന്റെ കൂടെയാണ്. ജനങ്ങളെല്ലാം ഇത് മുന്നോട്ട് കൊണ്ടുപോവുകയാണ്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത പണ്ടൊക്കെ ലഹരി മാഫിയയെ ജനങ്ങൾക്ക് പേടിയാണെങ്കിൽ ഇപ്പോൾ ജനങ്ങളെ മാഫിയക്ക് പേടിയാണ്’ -അദ്ദേഹം പറഞ്ഞു.
‘കേരള പൊലീസ് വളരെ ശുശ്കാന്തിയോടെ ഈ പ്രവർത്തനം ഏറ്റെടുത്തു. വളരെ വിജയകരമായിട്ടാണ് ഓപറേഷൻ മുന്നോട്ടു പോകുന്നത്. 5500ലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 4500ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 50ലധികം ആളുകളെ ചികിത്സക്ക് വേണ്ടി ആശുപത്രിയിലാക്കി. 70 കോടിയിലധികം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. അങ്ങനെ ഇതൊരു മൂവ്മെന്റ് ആയി മാറുകയാണ്. അമ്മമാരുടെ പിന്തുണ വലുതാണ്. കാരണം കുടുംബത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ അനുഭവിക്കുന്നത് അമ്മമാരല്ലേ. എത്ര കത്താണ് എനിക്ക് വരുന്നത്. എത്രപേര് ഫോൺ ചെയ്യുന്നു.. എത്രപേര് മെയിൽ അയക്കുന്നു... അവർക്കെല്ലാം ഓപറേഷൻ തൂഫാൻ ഒരു ആശ്വാസമാണ്. ഇപ്പോഴെങ്കിലും ഇത് തുടങ്ങിയല്ലോ, വലിയ മുന്നേറ്റമാണ് എന്നാണ് അവർ പറയുന്നത്. നിങ്ങൾ എല്ലാവരും അതിൽ പങ്കാളികൾ ആകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, എറണാകുളത്തെ ലഹരി കേന്ദ്രമെന്ന് പരാതി ഉയർന്ന പെരുമ്പാവൂർ മന്ത്രി ഇന്ന് സന്ദർശിക്കും. തുടർന്ന്, നാട്ടുകാരും വിദ്യാർഥികളും പങ്കെടുക്കുന്ന ജനസഭക്ക് ശേഷം പെരുമ്പാവൂരിലെ 'ഭായ്' കോളനിയിലെത്തി ഇതര സംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പെരുമ്പാവൂർ നഗരത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ എം.എൽ.എമാർ എല്ലാവരും റാലിയുടെ ഭാഗമാകും. ഓപറേഷൻ തൂഫാന്റെ ഭാഗമായി 18 കോടിയുടെ നിരോധിത മയക്കുമരുന്നുകൾ പെരുമ്പാവൂരിൽ നിന്നും പിടിച്ചെടുത്തതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന പെരുമ്പാവൂരിൽ എത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് കേരള പൊലീസിന് വെല്ലുവിളിയായി നിലനിൽക്കുന്നത്. സംസ്ഥാന വ്യപകമായി ഒരു മാസക്കാലത്തോളം പൊലീസ് നടത്തിയ പരിശോധനയിൽ 5,353 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, 5,376 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പെരുമ്പാവൂർ കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി കേസുകളാണ് ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലുവ റൂറൽ ജില്ലയിൽ 80 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2026 ജൂൺ 2ന് തിരുവനന്തപുരം കോട്ടൺ ഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഓപറേഷൻ തൂഫാന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. കൂടാതെ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളും പദ്ധതിയിൽ പങ്കാളികളാണ്. ഇന്റലിജൻസ് ഐ.ജി പുട്ട വിമലാദിത്യയാണ് പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ.
ലഹരി ഉപയോഗത്തെകുറിച്ചതും വിൽപനയെക്കുറിച്ചും വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഡാർക്ക് വെബ് വഴിയുള്ള ലഹരി ഇടപാടുകൾ നിരീക്ഷിക്കാൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

