മന്ത്രി ബിന്ദു കൃഷ്ണ വീണ്ടും വിവാദത്തിൽ; പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി അനുഭാവിയെ നിയമിക്കാൻ നീക്കമെന്ന് പരാതി
text_fieldsതിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ തുടർച്ചയായ വിവാദങ്ങൾ. വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയായ ബിന്ദു കൃഷ്ണയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും വിവാദമാകുന്നു. പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി അനുഭാവിയെ നിയമിക്കാൻ നീക്കം നടക്കുന്നതായിയാണ് പരാതി. ശരത് ചന്ദ്രൻ എന്നയാളെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നൽകി. ശരതും കുടുംബവും ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ശരത് ചന്ദ്രന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും, ഇതുവരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതായി അറിവില്ലെന്നും മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സ്റ്റാഫ് നിയമനങ്ങൾ നടത്തുമ്പോൾ പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും, ഈ നിയമനത്തിൽ പുനരാലോചന വേണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി മന്ത്രി നടത്തിയ കൂടിക്കാഴ്ചയാണ് ആദ്യം വിവാദമായത്. വെള്ളാപ്പള്ളിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തിയെന്നും മന്ത്രിയുടെ പ്രവർത്തന മികവ് ശ്രദ്ധേയമാണെന്നും വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ, മന്ത്രിയുടെ ഈ നടപടിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. വിദ്വേഷ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെ കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയതെന്നും മന്ത്രി അത് മറക്കരുതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. മന്ത്രി പക്വതയില്ലാത്ത രീതിയിൽ പെരുമാറുന്നുവെന്നും, മുൻകാലങ്ങളിൽ ഇദ്ദേഹത്തെ പിന്തുണച്ചതിന്റെ പേരിൽ പലർക്കും പദവികൾ നഷ്ടപ്പെട്ടത് ഓർക്കണമെന്നും പലരും ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് തൊഴിൽ വകുപ്പ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

