‘കടുവയെ വെടിവെച്ച് കൊല്ലാൻ തടസമില്ല’; പിടികൂടാൻ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsഎ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ച് കൊന്ന കടുവയെ വെടിവെച്ച് കൊല്ലാൻ തടസമില്ലെന്നും, കടുവയെ പിടികൂടാൻ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത്. നരഭോജിയായ വന്യമൃഗം എന്ന പട്ടികയിൽ ഉൾപ്പെടുത്തിയതിനാലാണ് കൊല്ലാനുള്ള നിയമതടസം ഒഴിവാകുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ വനംവകുപ്പിനെ അറിയിച്ചിരുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
ഉദ്യോഗസ്ഥരുട െഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. ജനങ്ങൾ ഭീതിയിലാണെന്ന വസ്തുത നിഷേധിക്കുന്നില്ല. ശരിയുടെ പക്ഷത്ത് നിന്നാണ് പ്രവർത്തിക്കുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന കർമ പദ്ധതി തയാറാക്കി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല നിലപാടല്ല ലഭിച്ചത്. വനംവകുപ്പ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടങ്ങിയവർ പങ്കെടുക്കുന്ന സംസ്ഥാനതല യോഗം ഞായറാഴ്ച ചേരുമെന്നും വനംമന്ത്രി പറഞ്ഞു.
നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ഉത്തരവിറക്കുന്നത്. കടുവക്കായുള്ള തിരച്ചിൽ ഊർജ്ജതമാണ്. വനംവകുപ്പിന്റെ ക്യാമറ ട്രാപ്പിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടുവയെ തിരിച്ചറിയാനായി ദൃശ്യങ്ങൾ ബന്ദിപൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളുടെ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ജനുവരി 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. തോട്ടം തൊഴിലാളിയായ രാധ ഇന്നലെ കാപ്പി പറിക്കാൻ പോകുന്നതിനിടെയാണ് കടുവയുടെ ആക്രമണത്തിനിരയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.