ഐ.എൻ.എൽ യോഗം നടന്നത് സാധാരണ പോലെ -മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsകൊച്ചി: ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ കൂട്ടത്തല്ലിൽ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ജനാധിപത്യ പാർട്ടിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ സ്വഭാവികമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരേ അഭിപ്രായം ഉണ്ടായാൽ അതൊരു ഫാസിസ്റ്റ് നയമാണ്. അഭിപ്രായ വ്യത്യാസം ഉണ്ടായാൽ സമന്വത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കും. അത് നടക്കാത്ത സാഹചര്യത്തിൽ ഭൂരിപക്ഷ അഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കേണ്ടി വരുമെന്നും അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി.
എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ യോഗം ചേരേണ്ട കാര്യമില്ല. അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള വേദിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണ പോലെയാണ് പാർട്ടി യോഗം ചേർന്നത്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും യോഗത്തിൽ ചർച്ചയായെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
എല്ലാ വിഷയങ്ങളും അവതരിപ്പിച്ച ശേഷമാണ് യോഗം പിരിച്ചുവിട്ടത്. സംഘർഷം സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നത് സംബന്ധിച്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ ഔദ്യോഗിക പ്രതികരണം നടത്തും. സംസ്ഥാന അധ്യക്ഷൻ എ.പി. അബ്ദുൽ വഹാബ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.