തൃശ്ശൂർ: ലൈഫ് മിഷനിലെ സി.ബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്യാത്തത് സർക്കാറിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. സി.ബി.ഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം കോടതിയുടെ പരിഗണനയിലായതിനാലാണ് കരാറുകാർ പണി നിർത്തിയത്. ലൈഫ് വിവാദം തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തതാണ്. കേന്ദ്ര ഏജൻസികളുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി മൊയ്തീൻ ആരോപിച്ചു.
ലൈഫിൽ ഇതുവരെയുള്ള അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയതെന്ന് മൊയ്തീൻ ചോദിച്ചു. സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെ കോൺഗ്രസ് ദേശീയ നേതൃത്വം എതിർക്കുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും സ്വയം പ്രഖ്യാപനങ്ങൾ സി.പി.എമ്മിൽ പതിവില്ലെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.