തൃശൂർ: ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ അഴിമതി ആരോപണമുന്നയിച്ച അനിൽ അക്കര എം.എൽ.എക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി എ.സി. മൊയ്തീൻ. ഭവന സമുച്ചയം നിർമ്മിക്കുന്നതിൽ മന്ത്രി എന്ന നിലയിൽ താൻ രണ്ട് കോടി വാങ്ങിയെന്ന എം.എൽ.എയുടെ ആക്ഷേപം വസ്തുതാ വിരുദ്ധവും നട്ടാൽ കുരുക്കാത്ത നുണയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം കഴിവുകേടുകൾക്ക് തടയിടാൻ തെളിവുകളില്ലാത്ത ആരോപണം ഉന്നയിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ പോലും എം.എൽ.എ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ചില്ല. നിയമസഭയിൽ അവിശ്വാസ പ്രമേയ സമയത്ത് പ്രതിപക്ഷത്തുള്ള ഒരാൾ പോലും ഈ വിഷയം ഉന്നയിക്കാതിരുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് ബോധമുള്ളതു കൊണ്ടാണ്.
വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മിക്കാൻ റെഡ്ക്രസന്‍റ് കരാർ നൽകിയ യൂണിടാക്ക് കമ്പനിക്കാരനെ തനിക്ക് അറിയില്ല. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്തതാണ്. ഫ്ളാറ്റ് നിർമ്മാണം തകർക്കാനാണ് എം.എൽ.എയുടെ ശ്രമം. കലത്തിൽ തൊട്ട് നോക്കുന്നത് പോലെയാണ് ഫ്ളാറ്റിൽ തൊട്ട് ഗുണനിലവാരം പരിശോധിക്കുന്നതെന്നും മന്ത്രി മൊയ്തീൻ ആരോപിച്ചു.