Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരോഹിതന്റേത് കേരളം...

പുരോഹിതന്റേത് കേരളം കേട്ട ഏറ്റവും മോശം പ്രസ്താവന -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പുരോഹിതന്റേത് കേരളം കേട്ട ഏറ്റവും മോശം പ്രസ്താവന -കുഞ്ഞാലിക്കുട്ടി
cancel

തിരുവനന്തപുരം: മന്ത്രി അബ്ദുൽ റഹ്മാനെതിരെ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ കൃസ്ത്യൻ പുരോഹിതനെതിരെ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വളരെ നിർഭാഗ്യകരമായ പ്രസ്താവനയാണ് പുരോഹിതൻ നടത്തിയതെന്ന് അ​ദ്ദേഹം പറഞ്ഞു. അതിനെ ലീഗ് അങ്ങേയറ്റം അപലപിക്കുന്നു. അത് കേവലം അബ്ദുൽറഹ്മാനെതിരായ പ്രസ്താവനയല്ല, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അത് ഭരണഘടനാപരമായും തെറ്റാണെന്നും നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം വേണം. സമരം അവസാനിപ്പിക്കാനുള്ള ചർച്ചയും ചർച്ച ഒത്തുതീർപ്പിലെത്താനുള്ള ശ്രമവും തുടരുകയും വേണം. ഏറെ തടസങ്ങൾ പിന്നിട്ടാണ് ഇവിടെയൊരു തുറമുഖം വരുന്നത്. അതെല്ലാം കഴിഞ്ഞ് വന്നപ്പോഴാണ് ഈ ഘട്ടത്തിലൊരു സമരം. ഇത്രയും വൈകാരികമായ കടലോരത്ത് ഇത്തരമൊരു പ്രശ്‌നമുണ്ടാവാൻ പാടില്ലായിരുന്നു. തുറമുഖ നിർമാണ കാര്യത്തിൽ അമാന്തം വരാനും പാടില്ലായിരുന്നു.

വൈകാരികമായ കടലോരത്ത് ഇത്തരമൊരു പ്രശ്‌നം ഇങ്ങനെ നടക്കാൻ വിട്ടുകൊടുത്താൽ ഇതല്ല, ഇതിലപ്പുറവും നടക്കും. ഇത്രയും കൊണ്ടുനിന്നത് നമ്മുടെ ഭാഗ്യം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു. മന്ത്രിക്കെതിരായ വൈദികന്റെ പ്രസ്താവനക്കെതിരെ മാന്യമായി പറയാവുന്നത് ലീഗ് പറഞ്ഞിട്ടുണ്ട്. ലീഗ് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ അതിൽ നിന്നൊരു രാഷ്ട്രീയ മുതലെടുപ്പും ലീഗ് ആഗ്രഹിച്ചിട്ടില്ല. അതിനാൽ ആ പരാമർശത്തിനുള്ള എതിർ പ്രതികരണവും ബാക്കിയുള്ളതും ഇല്ലാതാക്കാനാണ് ഞങ്ങൾ നോക്കിയത്. അതിന് കഴിയുമെങ്കിൽ ഈ സർക്കാർ ഞങ്ങൾക്കൊരു പുരസ്‌കാരം തരികയാണ് വേണ്ടത്. കേരളത്തിന്റെ സാമുദായിക സൗഹാർദം നിലനിർത്താനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് ആരാണെന്ന് തർക്കിക്കേണ്ട. ചില തകരാർ സംഭവിച്ചിരിക്കുന്നു. കടൽ കയറ്റവും തൊഴിൽ നഷ്ടവും കൊണ്ട് പൊറുതിമുട്ടിയ സമൂഹമാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നം പരിഹരിക്കണം. അവരുടെ കണ്ണീരൊപ്പണം. തീരത്തിന്റെ കണ്ണീരൊപ്പിയത് സർക്കാരാണെന്ന് സജി ചെറിയാൻ പറഞ്ഞു.

സത്യത്തിൽ സജി ചെറിയാൻ കരഞ്ഞപ്പോൾ കണ്ണീരൊപ്പിയത് തീരമാണ്. സർക്കാർ അവരുടെ കണ്ണീരൊപ്പിയിട്ടില്ല. അവരവിടെ ഗോഡൗണിലാണ് കിടക്കുന്നത്. അതുപോലെ പാക്കേജ് മോശമാണെന്ന പരാതിയുണ്ട്. അതാണ് അവർ നിലവിട്ട് പെരുമാറുന്നത്. അതിനെന്താണ് വഴിയെന്ന് നോക്കണം. നമുക്ക് ബജറ്റില്ലെങ്കിൽ കേന്ദ്രത്തിൽ അതിനുവേണ്ടി നീങ്ങണം.

ഇത് വലിയൊരു അന്താരാഷ്ട്ര തുറമുഖമല്ലേ. ഇത്തരമൊരു തുറമുഖം ഇന്ത്യക്ക് തന്നെയില്ല. എന്നിട്ടല്ലേ കേരളത്തിന്. അപ്പോൾ അതുകൊണ്ടുതന്നെ കേന്ദ്രം കുറച്ച് ഫണ്ട് തരണം. എന്നാലും മറ്റ് പദ്ധതികൾക്ക് കൊടുത്തതുപോലെ ഇവിടെയും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി അവരെ നേരാംവണ്ണം പുനരധിവസിപ്പിച്ച് ഈ പ്രശ്‌നം പരിഹരിക്കണം. തുറമുഖം വേണമെന്ന നിലപാടാണ് പ്രതിപക്ഷം എടുത്തിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Show Full Article
TAGS:Minister Abdurrahman Fr. Theodosius D'Cruz PK kunhalikutty 
News Summary - Minister Abdurrahman against Fr. Theodosius D'Cruz made the worst statement Kerala ever heard
Next Story