കടല്‍ തീരത്ത് ഖനനാനുമതി: രൂക്ഷമായ കടലേറ്റമുണ്ടാകുമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം : കടല്‍ തീരത്ത് ഖനനം നടത്തിയാൽ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്‍ സങ്കടക്കടലിലേക്ക് തള്ളിയിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കടല്‍ തീരത്ത് ഖനനാനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരത്ത് നിന്നും മണലും ധാതുക്കളും ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമാണ് മണല്‍ ഖനനത്തിന് തുറന്നു കൊടുക്കുന്നത്. കേരളത്തിലെ പത്ത് ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്‌നത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിത്.
48.4 മുതല്‍ 62.5 മീറ്റര്‍ വരെ ആഴത്തിലുള്ള മണല്‍ നിക്ഷേപം മാറ്റുന്നതോടെ മത്സ്യമേഖലക്കും തീരപ്രദേശത്തെ പരിസ്ഥിതിക്കും ഗുരുതര ആഘാതമുണ്ടാക്കും. കടലിന് അടിയിലെ സസ്യജന്തുജാലങ്ങളെയും മത്സ്യസമ്പത്തിനെയും ഇത് ബാധിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും.
രണ്ടാം ഘട്ടത്തില്‍ ചാവക്കാടും പൊന്നാനിയും വര്‍ക്കല മുതല്‍ ആലപ്പുഴ വരെ നീണ്ട് നില്‍ക്കുന്ന തീരപ്രദേശത്തുമാണ് ഖനനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് നയത്തിന്റെ ഭാഗമായി ഒരു ബ്ലൂ ഇക്കോണമി കൊണ്ടുവന്നാണ് കടലും തീരപ്രദേശവും തീറെഴുതിക്കൊടുക്കുന്നത്.
12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലുള്ള മത്സ്യബന്ധനത്തില്‍ സംസ്ഥാനത്തിന് ഉണ്ടായിരുന്ന അവകാശവും 2023 ലെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. നിയമ ഭേദഗതി കൊണ്ടു വന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കടല്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി കൂടി വന്നാല്‍ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്‍ സങ്കടക്കടലിലേക്ക് തള്ളിയിടും.
സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇവി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

