ദുർബല മേഖലയിലെ കുന്നിടിക്കൽ വിനയായി; അണക്കെട്ടുകൾ ‘വിറപ്പിച്ചു’
text_fieldsതൊടുപുഴ: പരിസ്ഥിതിലോല പരിഗണനയില്ലാതെ വ്യാപകമായി കുന്നിടിച്ചതും അശാസ്ത്രീയ നിർമാണവും അധികമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ദുരന്തം വിതക്കുകയായിരുന്നെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. അണക്കെട്ടുകൾ തുടരെയും അധിക അളവിലും തുറന്നത് ദുരന്തത്തിെൻറ ആഴം വർധിപ്പിച്ചെന്നും അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയൻറ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരുൾപ്പെട്ട സംഘം പ്രദേശങ്ങൾ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിശദ പഠനം നിർദേശിക്കുന്ന വിലയിരുത്തൽ, സംസ്ഥാന ജിയോളജി ഡയറക്ടർക്കും സംസ്ഥാന ദുരന്ത നിവാരണ സമിതിക്കും നൽകും.
മറ്റ് ജില്ലകളിൽ പുഴകവിഞ്ഞൊഴുകിയതും വെള്ളപ്പൊക്കവുമാണ് പ്രളയകാരണമായതെങ്കിൽ ഇടുക്കി ജില്ലയിൽ കൂടുതലും ഉരുൾപൊട്ടലിലോ മണ്ണിടിച്ചിലിലോ ആയിരുന്നു ജീവൻ നഷ്ടമായത്. ഉരുൾപൊട്ടലിനു സമാനമായി ഭൂമി പിളർത്തിയുണ്ടായ ദുരന്തം ഇടുക്കിയെ ഉലച്ചു. ജനത്തെ ഭീതിയിലാഴ്ത്തിയ ഭൂമിയുടെ ഘടനാമാറ്റത്തിനും കുന്നിടിക്കൽ കാരണമായി. അതല്ലാത്തിടത്തും ദുരന്തമുണ്ടായെങ്കിലും 60 ശതമാനവും ഇത്തരത്തിലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ. അനിയന്ത്രിത അളവിൽ തുറന്ന ഡാമുകളിൽനിന്ന് ആർത്തലച്ചെത്തിയ ജലം റോഡുകളടക്കം കാർെന്നടുത്തു. മാട്ടുപ്പെട്ടി ഡാം തുറന്നതാണ് മൂന്നാറിനെ വെള്ളത്തിലാക്കിയത്.
പന്നിയാർകുട്ടി ഗ്രാമം മണ്ണിടിച്ചിലിൽ അപ്രത്യക്ഷമായത് പൊൻമുടി ഡാം ജലം ഉണ്ടാക്കിയ സമ്മർദവും കുന്നിൻചരുവിലുണ്ടായ മണ്ണിെൻറ ദുർബല സ്ഥിതിയും കാരണമാണ്. പൊൻമുടി ഡാം തുറന്നതിനെ തുടർന്ന് പനംകുട്ടിവരെ 15 കിലോമീറ്ററിൽ കനത്ത നാശമാണുണ്ടായത്. ഇൗ മേഖലയിൽ ‘വിറയൽ’ അനുഭവപ്പെട്ടതായ നാട്ടുകാരുടെ അനുഭവം ഡാം ജലത്തിെൻറ സമ്മർദമാകാമെന്ന് അതോറിറ്റിയുടെ നിഗമനം. മൂന്നാറില്‍ മണ്ണിടിച്ചിലിനു കാരണമായത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചുള്ള നിര്‍മാണങ്ങളാണ്.
ഇവിടെ റിസോർട്ടുകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നത് ട്രില്ലിങ് അടക്കം െചയ്താണ്. പരിസ്ഥിതിലോല പ്രദേശത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലയിടിക്കുകയായിരുന്നു. ഭൂമിയുടെ ഘടനാമാറ്റം സംബന്ധിച്ച് വിശദപഠനത്തിനു ശിപാർശ ചെയ്യുെമന്ന് ഡോ. വി. തിരുപ്പഴക് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇടുക്കിയിൽ 278 ഇടത്താണ് ഉരുൾപൊട്ടലുണ്ടായത്. 1850 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. 56 പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
