മിനിമം വേതനം: ‘കേപ്പ്’ ജീവനക്കാർ പ്രക്ഷോഭത്തിന്
text_fieldsകോഴിക്കോട്: മിനിമം വേതനം നടപ്പാക്കുക, 10 വർഷം പൂർത്തിയായ എല്ലാ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ദിവസവേതന ജീവനക്കാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സഹകരണ വകുപ്പിന് കീഴിലെ കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്പ്) ജീവനക്കാർ പ്രക്ഷോഭത്തിന്. കേപ്പ് കോൺട്രാക്ട് ആൻഡ് ഡെയ്ലി വേജസ് എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് സമരം. ആദ്യപടിയായി വെള്ളിയാഴ്ച അഞ്ഞൂറോളം ജീവനക്കാർ പണിമുടക്ക് നടത്തി തിരുവന്തന്തപുരത്തെ കേപ്പ് ഹെഡ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. ധർണയിൽ തുടർ പ്രക്ഷോഭം പ്രഖ്യാപിക്കും.
കരാർ, ദിവസ വേതനക്കാർ മതിയായ വേതനം ലഭിക്കാത്തതിനാൽ കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തേണ്ട സ്ഥിതിയാണുള്ളതെന്ന് യൂനിയൻ പ്രസിഡന്റ് പുല്ലുവിള സ്റ്റാൻലിയും ജനറൽ സെക്രട്ടറി കെ.എസ്. അജീഷും അറിയിച്ചു. അടിസ്ഥാന ശമ്പളം നടപ്പാക്കിയിട്ടില്ല. 10 വർഷത്തിലധികമായിട്ടും സ്ഥിരനിയമനം പലർക്കും ലഭിച്ചിട്ടില്ല. മറ്റുപല സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടും കേപ്പ് മാനേജ്മെന്റ് അതിന് തയാറായിട്ടില്ല. ജീവനക്കാരുടെ ആവശ്യങ്ങളുന്നയിച്ച് സഹകരണ മന്ത്രിക്കും കേപ്പ് ഡയറക്ടർക്കും നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയതെന്നും ഇരുവരും അറിയിച്ചു.
വർഷങ്ങളായി ജോലി ചെയ്യുന്നവർക്കുപോലും ദിവസവേതനം 500 രൂപപോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായ കേപ്പിന് കീഴിൽ സംസ്ഥാനത്ത് ഒമ്പത് എൻജിനീയറിങ് കോളജുകൾ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഫിനിഷിങ് സ്കൂൾ, സഹകരണ ആശുപത്രി, നഴ്സിങ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.