മിൽമയുടെ വ്യാജനായി 'മിൽന'; സ്വകാര്യഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡായ മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ പാലും പാൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. 'മിൽന' എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.
മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിങോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിർദ്ദേശം നൽകിയത്.
കോടതി വിധിയിൽ പൂർണ തൃപ്തരാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും ഇത്തരം കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

