39.07 കോടിയുടെ ചരിത്ര ലാഭവുമായി തിരുവനന്തപുരം മില്‍മ
text_fieldsതിരുവനന്തപുരം: 2024-25 സാമ്പത്തികവര്‍ഷത്തില്‍ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും ലാഭം നേടിയ സാമ്പത്തിക വര്‍ഷമാണിതെന്ന് മേഖല യൂനിയന്‍ ചെയര്മാന് മണി വിശ്വനാഥ് അറിയിച്ചു. ലാഭവിഹിതത്തില്‍നിന്ന് 35.08 കോടി അധിക പാല്‍വിലയായും 3.06 കോടി കാലിത്തീറ്റ സബ്സിഡി ആയും ക്ഷീരകര്‍ഷകര്‍ക്ക് നല്കി.
സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ മുഴുവന്‍ ലാഭവിഹിതവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയതായും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
വേനല്‍ക്കാല ആശ്വാസമായി യൂനിയനിലെ അംഗസംഘങ്ങള്‍ക്ക് ഏപ്രിലില്‍ ലിറ്ററൊന്നിന് എട്ടുരൂപ നിരക്കില്‍ അധിക പാല്‍വില നല്‍കുന്നതിന് ഭരണസമിതി തീരുമാനിച്ചു. ഇതോടെ മേഖല യൂനിയന്റെ പരിധിയിലുള്ള ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ലിറ്ററൊന്നിന് 53.13 രൂപയായി വര്‍ധിക്കും. അധിക പാല്‍വില നല്‍കുന്നതിനായി ഏകദേശം ആറ് കോടിയുടെ ചെലവാണ് യൂനിയന്‍ പ്രതീക്ഷിക്കുന്നതെന്ന് ചെയര്മാന് മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടര്‍ ഡോ. മുരളി പി എന്നിവര്‍ അറിയിച്ചു. കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 2025-26 സാമ്പത്തിക വര്‍ഷം 27 കോടി രൂപയാണ് യൂനിയന്‍ വകയിരുത്തിയിട്ടുള്ളത്.
2023 ഡിസംബറില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നശേഷം പാല് ഉൽപാദന വര്‍ധനവിനും കര്‍ഷക ക്ഷേമത്തിനുമുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഏകദേശം 30 കോടി ചെലവഴിച്ചിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കിയ വിവാഹ ധനസഹായ പദ്ധതിയായ ക്ഷീരസുമംഗലി, ചികിത്സ ധനസഹായ പദ്ധതിയായ സാന്ത്വനസ്പര്‍ശം, പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ ക്ഷീരസൗഭാഗ്യ, സബ്സിഡി നിരക്കില്‍ സൈലേജ് ലഭ്യമാക്കുന്ന പദ്ധതി, കിടാരി ദത്തെടുക്കല്‍, കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയം സബ്സിഡി, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികള്‍ക്കായിട്ടാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്.
ഉൽപന്ന വിപണനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനൊപ്പമാണ് കര്‍ഷക ക്ഷേമ പദ്ധതികള്‍ക്ക് മേഖല യൂനിയന്‍ തുക വിനിയോഗിക്കുന്നതെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

