നീണ്ട ഇടവേളക്കുശേഷം വൻ റിക്രൂട്ട്മെന്റിനൊരുങ്ങി മിൽമ
text_fieldsതിരുവനന്തപുരം: നീണ്ട ഇടവേളക്കുശേഷം വൻ റിക്രൂട്ട്മെന്റിനൊരുങ്ങി മിൽമ. ദക്ഷിണ മേഖല യൂനിയനായ തിരുവനന്തപുരം മിൽമയിൽ 198ഉം ഉത്തര മേഖല യൂനിയനായ മലബാർ മിൽമയിൽ 47ഉം ഉൾപ്പെടെ 245 പേരെയാണ് ഉടൻ നിയമിക്കുന്നതെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി വാർത്തസമ്മേളത്തിൽ അറിയിച്ചു.
എട്ടംഗ റിക്രൂട്ട്മെന്റ് കമ്മിറ്റിയാണ് നിയമന നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം മിൽമയിൽ 12 വർഷത്തെ ഇടവേളക്കുശേഷമാണ് നിയമന പ്രക്രിയ.
ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകി പട്ടികജാതി, പട്ടിക വർഗം, ഭിന്നശേഷി എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം ഉറപ്പാക്കിയാണ് വിജ്ഞാപനം തയാറാക്കിയതത്. ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണത്തിന് സർക്കാർ തത്വത്തിൽ അനുമതി നൽകുകയായിരുന്നു.
മാനവവിഭവശേഷി ശക്തിപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിച്ച് മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക ലക്ഷ്യമിട്ടാണ് ഒഴിവുള്ള സ്ഥിരം തസ്തികകളിലെ നിയമനങ്ങളെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പാൽ വില കൂടും
സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
പാൽ വിലയിൽ നേരിയ വർധനവുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണിയും വ്യക്തമാക്കി. പാൽ വില വർധിപ്പിക്കേണ്ടത് മിൽമയാണ്. വില വർധിപ്പിക്കുന്നതിനെ കുറിച്ച് അവർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന സാഹചര്യത്തിൽ ഉടൻ പാൽ വില വർധിപ്പിക്കാനുള്ള സാഹചര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
2026 ജനുവരി മുതൽ പുതുക്കിയ പാൽ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

