മിഹ്ർ അഹമ്മദിന്റെ മരണം: സ്കൂളുകളുടെ വിശദീകരണത്തില്‍ അവ്യക്തത
text_fieldsകാക്കനാട്: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി മിഹ്ർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടി പഠിച്ചിരുന്ന സ്കൂളുകളുടെ വിശദീകരണത്തില്‍ അവ്യക്തതയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്. കുടുംബം ഉന്നയിച്ച പരാതികളിൽ പലതിനും സ്കൂള്‍ അധികൃതരില്‍നിന്ന് കൃത്യമായ മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിൽ ഹാജർനില ഉള്‍പ്പെടെ രേഖകള്‍ ആവശ്യപ്പെട്ടു.
മിഹ്റിന്റെ മാതാപിതാക്കളും കാക്കനാട് ജെംസ് സ്കൂളിലെയും ഗ്ലോബൽ പബ്ലിക് സ്കൂളിലെയും പ്രിൻസിപ്പൽമാരും അധ്യാപകരുമാണ് തിങ്കളാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ മൊഴി നൽകിയത്. സര്‍ക്കാറിന്റെ എന്‍.ഒ.സി ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാനും സ്കൂളുകള്‍ക്ക് കഴിഞ്ഞില്ല. ഇവർക്കെതിരെ നടപടികൾക്ക് ശിപാർശ ചെയ്യുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. മൂന്നുദിവസത്തിനകം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സാമൂഹികനീതി വകുപ്പിന്റെ അന്വേഷണത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
മിഹ്ർ മരിച്ചതിനുശേഷം ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചെന്നു പറയപ്പെടുന്ന വാട്സ്ആപ് സന്ദേശങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ, ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഹാജരാക്കാമെന്ന് മാതാപിതാക്കൾ അറിയിച്ചു.
ആദ്യം പഠിച്ച ജെംസ് സ്കൂളിൽ ചില സീനിയർ വിദ്യാർഥികളിൽനിന്നും വൈസ് പ്രിൻസിപ്പലിൽനിന്നും കുട്ടിക്ക് മാനസിക പീഡനമേറ്റതായി സൂചനയുണ്ട്. അകാരണമായി സസ്പെൻഡ് ചെയ്തതും ശിക്ഷാകാലാവധി കഴിഞ്ഞ് സ്കൂളിലെത്തിയ മിഹ്റിനെ പ്രത്യേകം മുറിയിൽ ഒറ്റക്കിരുത്തിയതും തനിച്ചിരുത്തി പരീക്ഷയെഴുതിച്ചതും കുട്ടിയിലുണ്ടാക്കിയ മാനസിക സമ്മർദത്തെത്തുടർന്നാണ് ഗ്ലോബൽ സ്കൂളിലേക്ക് മാറ്റിയത്. ഇവിടെയും സമാന അനുഭവം ആവർത്തിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും രക്ഷിതാക്കൾ പറയുന്നു.
സ്കൂൾ അധികൃതർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയേക്കും
തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന് ചാടി മിഹിർ അഹമ്മദ് (15) എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനുള്ള നീക്കത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വിദ്യാർഥി ആദ്യം പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ തുടങ്ങിയവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. മിഹിർ സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് വിധേയനായിരുന്നുവെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ഗ്ലോബൽ പബ്ലിക് സ്കൂളിനുനേരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധവും കനക്കുകയാണ്. എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ചൊവ്വാഴ്ച എസ്.ഡി.പി.ഐ മാർച്ച് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

