അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മുങ്ങിയ സുഹൃത്ത് പിടിയിൽ
text_fieldsതിരുവനന്തപുരം: ഒഡിഷ സ്വദേശിയായ അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയശേഷം നാട്ടിലേക്ക് മുങ്ങിയ സുഹൃത്തിനെ പിടികൂടി. ഒഡിഷ നായഗർഹ് ജില്ല ഘണ്ടൂഗാൻ ടൗണിൽ ബാലിയ നായകിനെയാണ് (26) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2018 ഡിസംബർ 23 നാണ് ഒഡിഷ സ്വദേശിയായ ബിപിൻ മഹാപത്ര കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മേനംകുളം പാടിക്കവിളാകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടകമുറിയിൽ താമസിച്ചുവന്നിരുന്ന പ്രതി ബാലിയ നായക് പാചകം ചെയ്ത ഭക്ഷണത്തിന് രുചിക്കുറവാണെന്ന് പറഞ്ഞുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഒഡിഷ റായ്ഘണ്ട് ജില്ലയിലെ ചന്ദ്രപൂർ എന്ന സ്ഥലത്തുളള ലേബർ ക്യാമ്പിൽനിന്നാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ കെ.എസ്. പ്രവീൺ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ നായർ, സുജിത് എന്നിവരങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

