‘നന്ദി, ഞങ്ങൾ തിരിച്ചുവരും’
text_fieldsആലുവ: ‘‘ഒരുപാട് നന്ദിയുണ്ട്, ഞങ്ങളെ ഒരുപാട് സഹായിച്ചു. കേരളത്തെ വലിയ ഇഷ്ടമാണ്. തിരിച്ചുവരും...’’ ഒഡിഷ സ്വദേശി ഗോലാൻ നായിക് കൂപ്പുകൈകളോടെയാണ് പൊലീസിനോട് നന്ദി പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച ആദ്യമായി കേരളത്തിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളികളുമായി ഒഡിഷയിലേക്ക് പുറപ്പെട്ട ട്രെയിനിൽ പോകാൻ പെരുമ്പാവൂരിൽനിന്ന് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ഇദ്ദേഹം.
യാത്ര ഇത്ര വേഗത്തിലാകുമെന്ന് കരുതിയില്ല. പരിശോധനകളെല്ലാം വേഗത്തിൽ നടത്താൻ പൊലീസ് സഹായിച്ചു. അവിടെ ചെന്നുകഴിഞ്ഞാൽ റൂറൽ ജില്ല പൊലീസ് മേധാവിയെ വിളിക്കുമെന്നും നായിക് കൂട്ടിച്ചേർത്തു.
‘‘കോവിഡിനെത്തുടർന്ന് നാട്ടിലുള്ളവരെല്ലാം ആശങ്കയിലാണ്. ഞങ്ങൾക്ക് ഒരു പനിപോലും വരാതിരിക്കാൻ അധികാരികൾ ശ്രദ്ധിച്ചു. ഭക്ഷണവും മരുന്നും പൊലീസ് കൃത്യമായി എത്തിച്ചുനൽകി. എപ്പോഴും വന്ന് വിശേഷങ്ങൾ തിരക്കുമായിരുന്നു. ഇത് വല്ലാത്ത ആശ്വാസവും സുരക്ഷിതബോധവും നൽകി. ഒന്നിനും ഒരുകുറവും ഉണ്ടായില്ല’’ -കൈ വീശിയാത്രയായിക്കൊണ്ട് നായിക് പറഞ്ഞു.
മൂവാറ്റുപുഴ, കോതമംഗലം, കുറുപ്പംപടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകളിൽ താമസിച്ചിരുന്ന 1,110 ഒഡിഷക്കാരായ അന്തർസംസ്ഥാന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് ആലുവ റൂറൽ എസ്.പി കെ. കാർത്തികിെൻറയും ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തിൽ വെള്ളിയാഴ്ച നാട്ടിലേക്ക് യാത്രയാക്കിയത്. പെരുമ്പാവൂരിൽനിന്ന് നാൽപതോളം കെ.എസ്.ആർ.ടി.സി ബസുകളിൽ സാമൂഹിക അകലം പാലിച്ചാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
