മൂവാറ്റുപുഴ: കയറിക്കിടക്കാൻ ഇടമില്ലാതെ മണിക്കൂറുകളോളം റോഡിൽ അലഞ്ഞ സ്ത്രീകളടക്കം അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. രണ്ട് സ്ത്രീകളും പുരുഷനുമടക്കമുള്ള സംഘത്തെയാണ് പായിപ്ര കവലയിൽ നാട്ടുകാർ തടഞ്ഞത്. ഞായറാഴ്ച പുലർച്ചയെത്തിയ ഇവർ പകലും റോഡിലൂടെ അലയുന്നത് കണ്ട നാട്ടുകാർ സംഘടിച്ചെത്തി ചോദ്യം ചെയ്തു. ഇതര സംസ്ഥാനത്തുനിന്ന് വന്നതാെണന്നും താമസ സ്ഥലത്ത് പ്രവേശനം നിഷേധിച്ചതോടെയാണ് തെരുവിൽ കഴിയേണ്ടിവന്നതെന്നും അറിയിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസ് ഇവരെ സ്വകാര്യ ഹോസ്റ്റലിലാക്കി. നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ തൊഴിലെടുക്കുന്ന പ്രദേശമാണ് പായിപ്ര. ഇവർ നാട്ടിൽ പോകുകയും വരികയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ക്വാറൻറീൻ കേന്ദ്രം പൂട്ടുകയും ചെയ്തു. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ ക്വാറൻറീൻ കേന്ദ്രം ഇല്ലാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷഫീഖ് പറഞ്ഞു. അടിയന്തരമായി കേന്ദ്രം ആരംഭിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.