അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അക്രമം
text_fieldsചെങ്ങന്നൂര്‍: അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മാരകായുധങ്ങളുമായി എത്തി അക്രമം നടത്തി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 10,000 രൂപ തട്ടിയെടുത്തു. മംഗലം പഴയവാണി പബ്ലിക് സ്കൂള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്ന അസം, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള 19 തൊഴിലാളികളെയാണ് ആക്രമിച്ച് പരിക്കേല്പിച്ചത്.
ചൊവ്വാഴ്ച വെളുപ്പിന് അഞ്ചോടെ മുന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. അസം സ്വദേശി സുദേവിന് (25) കത്തികൊണ്ട് വലതുകാലിന് മുറിവേറ്റിട്ടുണ്ട്. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ അക്തനു മണ്ഡലിനും (30) സുര്‍ജിത്തിനും (24) വലതുകൈക്കും തപ്പന്‍ (29) ഇടതു കൈക്കും പരിക്കേറ്റിട്ടുണ്ട്.
രണ്ട് ബാഗ് എടുത്തുകൊണ്ടുപോയ അക്രമികള്‍ ഉച്ചയോടെ ഒരു ബാഗ് തിരിച്ചുകൊണ്ടിട്ടതായും അതിഥി തൊഴിലാളികള്‍ പറയുന്നു. തിരിച്ചുകിട്ടാതിരുന്ന ഒരു ബാഗില്‍ 10,000 രൂപ ഉണ്ടായിരുന്നു എന്നും അവര്‍ പറയുന്നു. ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ നഗരസഭ ചെയര്മാന് കെ. ഷിബുരാജന്‍ സന്ദര്‍ശിച്ചു.
