മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണം, സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്നും ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന് ഹൈകോടതി. എസ്.പി എസ്. ശശിധരനാണ് അന്വേഷണ ചുമതല. കുറ്റപത്രം നൽകാൻ വൈകുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016 ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി തട്ടിച്ചെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചത്.
അതേസമയം, മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായാണ് വിജിലൻസ് ഹൈകോടതിയിൽ അറിയിച്ചത്. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് യൂണിയനുകളിലെ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് ക്രമക്കേട് നടന്നത്.
അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കിയതായും പണം വകമാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ വിജിലൻസ് സമർപ്പിച്ചത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം തയാറായിക്കഴിഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്റെ വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയാറായി വരികയാണെന്ന് വിജിലൻസ് എസ്.പി എസ്. ശശിധരൻ ഹൈകോടതിയെ അറിയിച്ചു. എന്നാൽ, ആകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളതെന്നും മറ്റ് കേസുകളിൽ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

